കെയ്റോ: ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് മേധാവി മുഹമ്മദ് ബാദിക്കും 682 അനുയായികള്‍ക്കും വിചരണയ്ക്കുശേഷം കോടതി വധശിക്ഷ വിധിച്ചു. മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ്സ്ഥാനത്തുനിന്നു നീക്കം ചെയ്ത സൈനികനടപടിയെത്തുടര്‍ന്നു രാജ്യത്തു നിലനിന്നിരുന്ന അനിശ്ചിതാവസ്ഥ പുതിയ വിധിയോടെ താളം തെറ്റും. കെയ്റോയില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയ ഓഗസ്റ് 14 ന്, മിനിയ പ്രവിശ്യയില്‍ പോലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണു വിധി പ്രസ്താവിച്ചത്. ശിക്ഷിക്കപ്പെട്ട 683 പേരില്‍ 50 പേര്‍ മാത്രമേ സൈനിക കസ്റഡിയിലുള്ളൂ. ബാക്കിയുള്ളവര്‍ ജാമ്യത്തിലിറങ്ങുകയോ ഓടി രക്ഷപ്പെടുകയോ ചെയ്തിട്ടുണ്ട്. കോടതിക്കു പുറത്തു കാത്തുനിന്ന മുസ്ളീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ വിധിപ്രഖ്യാപനം കേട്ടതോടെ പൊട്ടിക്കരഞ്ഞു. കഴിഞ്ഞമാസം ഇതേ കോടതി 529 പേര്‍ക്കു വധശിക്ഷ നല്‍കിയിരുന്നു. ഇതില്‍, 492 പേരുടെ വധശിക്ഷ ഇന്നലെ പുനഃപരിശോധിച്ചു ജീവപര്യന്തമായി കുറച്ചു. ഇന്നലെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എഴുപതുകാരനായ മുഹമ്മദ് ബാദി 2010 മുതല്‍ മുസ്്ലിം ബ്രദര്‍ഹുഡ് തലവനാണ്. മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു സ്ഥാനഭ്രഷ്ടനാക്കിയതില്‍, പട്ടാളത്തെ ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 2011 ല്‍ പട്ടാള സ്വേച്ഛാധിപതി ഹോസ്നി മുബാറക്കിന്റെ പതനത്തെത്തുടര്‍ന്നു മുര്‍സിയുടെ നേതൃത്വത്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് സര്‍ക്കാര്‍ അധികാരമേറ്റു. രാഷ്ട്രീയ അനിശ്ചിതത്വവും കലാപവും വീണ്ടും ഈജിപ്തില്‍ അരങ്ങേറിയതോടെ പട്ടാളം വീണ്ടും അധികാരം പിടിച്ചടക്കി. മേയ് 26, 27 തീയതികളില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈനിക മേധാവി അല്‍-സിസി മത്സരരംഗത്തുണ്ട്. ബ്രദര്‍ഹുഡ് നേതാവ് ബാദി വെറ്ററിനറി സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു. അവര്‍ ആയിരം തവണ എന്നെ കൊന്നാലും താന്‍ സത്യത്തിന്റെ പാതയില്‍ നിന്നു വ്യതിചലിക്കില്ലെന്ന് കോടതി വിധിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മകന്‍ ഒസാമ മുര്‍സി ഈ വാചകങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ് ചെയ്തിരുന്നു. ബ്രദര്‍ഹുഡിനെ ഈജിപ്തിലെ പുതിയ ഭരണാധികാരികള്‍ ഭാവിയിലും ശക്തമായി നേരിടുമെന്ന മുന്നറിയിപ്പായിട്ടാണു കോടതി വിധിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.












