ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് വന്‍ തിരിച്ചടി. കേരള നിയമസഭ 2006-ല്‍ പാസാക്കിയ ഡാം സുരക്ഷാ അതോറിറ്റി നിയമം സുപ്രീം കോടതി റദ്ദാക്കി. ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ വാദം കോടതി അംഗീകരിച്ചു. ഡാമിന് യാതൊരു സുരക്ഷാ പ്രശ്‌നവുമില്ലെന്നും കേരളം ഡാം സുരക്ഷാ അതോറിറ്റി നിയമം പാസാക്കിയത് സുപ്രീം കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
ഡാമിന്റെ സുരക്ഷ പരിശോധിക്കുന്നതിനായി കോടതി മുന്നംഗ സമിതിയെ നിയോഗിച്ചു. കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ സമിതിയുടെ അധ്യക്ഷനാകും. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഓരോ പ്രതിനിധികള്‍ സമിതിയിലുണ്ടാവും. പുതിയ ഡാം വേണമെന്നുള്ള കേരളത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും ഭരണഘടനാ ബഞ്ച് തമിഴ്‌നാടിന് അനുമതി നല്‍കി. കേസില്‍ 11 വിഷയങ്ങളാണ് ഭരണഘടനാ ബഞ്ച് പരിശോധിച്ചത്. ഇതില്‍ ആറിലും കേരളത്തിന് എതിരായ വിധിയാണ് ഉണ്ടായിരിക്കുന്നത്.
ഡാമിന്റെ സുരക്ഷ സംബന്ധിച്ച് 2000-ത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ച് പഠനം നടത്തിയിരുന്നു. ഇത് പരിഗണിച്ചാണ് ജലനിരപ്പ് 142 അടിയാക്കാന്‍ 2006-ല്‍ നിര്‍ദ്ദേശിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്ന 2006-ലെ സുപ്രീം കോടതി വിധിക്കെതിരേ കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ സാധുതയാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് പ്രധാനമായും പരിശോധിച്ചത്.
കേരളത്തിന് അവശേഷിക്കുന്ന ഏക പ്രതീക്ഷ കോടതി നിയോഗിച്ചിരിക്കുന്ന മൂന്നംഗ കമ്മീഷനാണ്. കമ്മീഷനെ ഡാമിന്റെ സുരക്ഷ പ്രശ്‌നങ്ങള്‍ കൃത്യമായി ബോധിപ്പിക്കുക എന്നത് പ്രധാനമാണ്. വിധിക്കെതിരേ പുനപരിശോധന ഹര്‍ജിയും നല്‍കാം. എന്നാല്‍ ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരേ പുനപരിശോധന ഹര്‍ജി നല്‍കുന്നത് അപൂര്‍വമായേ സംഭവിക്കാറുള്ളൂ. വിധിക്കെതിരേ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 21 വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേട്ട കേസില്‍ എട്ടു മാസങ്ങള്‍ക്കു ശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
Discussion about this post