സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ പദവി എന്നത് അംഗീകാരത്തിനപ്പുറം ഏറെ ആദരവ് കൂടി അര്‍ഹിക്കുന്നതാണ്. ആ സ്ഥാനത്തിന് മഹത്വമുണ്ടാക്കിയ അനേകം വ്യക്തികള്‍ കേരളത്തില്‍ വൈസ് ചാന്‍സലര്‍മാരായി ഇരുന്നിട്ടുണ്ട്. എന്നാല്‍ സ്ഥാനത്തിലൂടെ ചിലര്‍ വലുതാകാന്‍ ശ്രമിക്കുകയും കളങ്കിതനെന്ന് മുദ്രകുത്തപ്പെട്ടാലും സാങ്കേതികതയുടെ പേരില്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയും ചെയ്യുന്ന അപൂര്‍വം ചിലരെങ്കിലുമുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ഇന്നലെ ഗവര്‍ണര്‍ പുറത്താക്കിയ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ്ജ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വൈസ്ചാന്‍സലറെ പുറത്താക്കുന്നത് എന്നത് ജോര്‍ജ്ജിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ താല്‍പര്യമെടുത്ത രാഷ്ട്രീയ പ്രസ്ഥാനത്തിനും നാണക്കേടാണ്. വ്യാജരേഖ നല്‍കിയാണ് നിയമനം നേടിയതെന്ന് തെളിഞ്ഞതോടെയാണ് ജോര്‍ജ്ജിന് പുറത്തേക്കു പോകേണ്ടി വന്നത്.
വൈസ് ചാന്‍സലര്‍ പദവിപോലെ ഉന്നത സ്ഥാനങ്ങള്‍ പോലും രാഷ്ട്രീയകക്ഷികള്‍ പങ്കിട്ടെടുക്കുന്നതിന്റെ ലജ്ജാവഹമായ അന്ത്യമാണ് ജോര്‍ജ്ജിന്റെ വന്‍വീഴ്ച. കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്റെ നോമിനിയായാണ് ജോര്‍ജ്ജ് വിസി ആയത്. അതിനര്‍ത്ഥം കെ.എം മാണിയുടെ പ്രത്യേക താല്പര്യം ഇതിനുണ്ടെന്നു തന്നെയാണ്. അര്‍ഹതയില്ലാത്ത ഒരാള്‍ക്കുവേണ്ടി എന്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുനിന്നതെന്നു കേരളീയ സമൂഹത്തോടു പറയാന്‍ കെ.എം മാണിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ബാദ്ധ്യതയുണ്ട്.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സമിതിയിലെ യുജിസി അംഗം ജോര്‍ജ്ജിന്റെ നിയമനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് വിസി നിയമനത്തിനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. ഇതിനെതിരെ പരാതി ഉയരുകയും മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടും ജോര്‍ജ്ജിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം സര്‍ക്കാര്‍ കൈക്കൊണ്ടത്. എംജി സര്‍വകലാശാല മുന്‍ സെനറ്റ് അംഗവും കവിയൂര്‍ പഞ്ചായത്തു പ്രസിഡന്റുമായ ടി.കെ.സജീവാണ് വിസിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് വി.സി സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും പ്രശ്‌നത്തില്‍ ഗവര്‍ണര്‍ക്ക തീരുമാനമെടുക്കാമെന്നായിരുന്നു വിധി.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ പുലര്‍ത്തേണ്ട ധാര്‍മികത ഡോ.വി.സി.ജോര്‍ജ്ജിനുണ്ടായിരുന്നില്ല. താന്‍ ചെയ്തത് തെറ്റാണെന്ന് പിന്നീടെങ്കിലും മനസാക്ഷിയുടെ വെളിച്ചത്തില്‍ ബോധ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇതിനുമുമ്പുതന്നെ സ്ഥാനമൊഴിഞ്ഞ് വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ എന്തുവന്നാലും തന്നെ സംരക്ഷിക്കാന്‍ കേരളരാഷ്ട്രീയത്തിലെ കൊലക്കൊമ്പന്‍ തന്നെ ഉണ്ടാകുമെന്ന അഹന്തയാണ് ജോര്‍ജ്ജിനെ അടക്കിഭരിച്ചതെന്നുവേണം കരുതാന്‍. ഒടുവില്‍ പുറത്താക്കല്‍ നടപടി പൂര്‍ത്തിയായപ്പോള്‍ രാജിവയ്ക്കാന്‍ സന്നദ്ധനായെങ്കിലും അതിനുള്ള അവസരം നല്‍കാതെ പുറത്തുപോകേണ്ടിവന്ന ലജ്ജാകരമായ അന്ത്യമാണ് ജോര്‍ജ്ജിനുണ്ടായത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമാകണമെന്ന അനിവാര്യതയാണ് ജോര്‍ജ്ജിന്റെ പുറത്താക്കലിലുടെ വെളിപ്പെട്ടിരിക്കുന്നത്. അതിനുള്ള ആര്‍ജ്ജവം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിച്ചാല്‍ തലമുറകളെ വാര്‍ത്തെടുക്കുന്ന സര്‍വകലാശാലകളുടെ അദ്ധ്യക്ഷന്‍മാര്‍ക്കു നേരെ ഇപ്പോഴുണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല.മറിച്ച് ആ സ്ഥാനത്തിന് വലിപ്പവും മഹത്വവും ഉണ്ടാവുകയും ചെയ്യും.
Discussion about this post