ന്യൂഡല്‍ഹി: ബി.സി.സി.ഐ. അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ശ്രീനിവാസനെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കുകയും പകരം സുനില്‍ ഗവാസ്ക്കറെയും ശിവലാല്‍ യാദവിനെയും നിയമിക്കുകയും ചെയ്ത ബെഞ്ചില്‍ തന്നെ ഹര്‍ജി നല്കാന് ജസ്റ്റിസ് ബി. എസ്. ചൗഹാന് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.
ജസ്റ്റിസ് എ.കെ.പട്നായിക് അധ്യക്ഷനായ സുപ്രീം കോടതിയുടെ ബെഞ്ചാണ് വാതുവെപ്പ് വിവാദത്തെത്തുടര്‍ന്ന് ശ്രീനിവാസനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത്. ഐ.പി.എല്‍ ഏഴാം സീസണിന്റെ നടത്തിപ്പുച്ചുമതലയും കോടതി ശ്രീനിവാസനില്‍ നിന്ന് നീക്കംചെയ്തിരുന്നു. ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് ഭാരവാഹി കൂടിയായ മരുമകന് ഗുരുനാഥ് മെയ്യപ്പന് വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു സുപ്രീംകോടതിയുടെ ഈ നടപടി. ഈ വിലക്ക് നീക്കിക്കിട്ടാനാണ് ശ്രീനിവാസന് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ശ്രീനിവാസനെ ബി.സി.സി.ഐ. അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് മാര്‍ച്ച് 28നാണ് സുപ്രീംകോടതി ഉത്തരവുണ്ടായത്. വാതുവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് മുകുല്‍ മുഗ്ദല്‍ അധ്യക്ഷനായ കമ്മിറ്റിയെയും കോടതി നിയോഗിച്ചിരുന്നു. ആഗസ്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post