തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാന ടൂറിസം സെന്ററുകളെ ബന്ധപ്പെടുത്തി ഓണത്തിനു മുമ്പ് സീ പ്ലെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ 2012 -13 വര്‍ഷത്തെ സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സീ പ്ലെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് വിവിധ തടസങ്ങള്‍ ഉണ്ടായത്. ഇക്കാരണത്താല്‍ ഒരു വര്‍ഷമായി പദ്ധതി തടസ്സപ്പെട്ടിരിക്കുയായിരുന്നു. സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തടസ്സങ്ങള്‍ നീക്കി പ്രവര്‍ത്തനം വിജയകരമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല പ്രതികൂല സാഹചര്യങ്ങളെയും കടുത്ത മത്സരങ്ങളെയും അതിജീവിച്ചാണ് ആഭ്യന്തര- വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വരുമാനത്തിലും ടൂറിസം വകുപ്പ് വളര്‍ച്ചാ നിരക്ക് കൈവരിച്ചിരിക്കുന്നത്. റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന് ഈ വര്‍ഷവും യു.എന്‍. അവാര്‍ഡ് സംസ്ഥാനത്തിന് ലഭ്യമായെന്നത് ആഗോളതലത്തില്‍ കേരള ടൂറിസത്തിന് മികച്ച സ്ഥാനമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ടൂറിസത്തിന് കേരളം എന്നും പ്രാധാന്യം നല്‍കുന്നുണ്ട്. നമ്മുടെ സംസ്‌കാരത്തിന് കോട്ടം തട്ടാത്ത തരത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടാക്‌സ് റേറ്റുകളില്‍ പോലും മാറ്റം വരുത്തിയത് ഇതേ ഉദ്ദേശത്തോടെയാണ്. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുളള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു. സംസ്ഥാനത്തിന്റെ കായലോര കടലോര ഹില്‍സ്റ്റേഷന്‍ മേഖലകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി ടൂറിസത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവ് ടൂറിസത്തിന്റെ വിജയമാണ്. കണ്ണൂരില്‍ റണ്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2015 ഡിസംബറോടെ കണ്ണൂരില്‍ വിമാനമിറങ്ങാനുളള സമയബന്ധിത പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം സാധാരണക്കാരില്‍ എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു. കേരള ടൂറിസം പരിമിതികള്‍ക്കപ്പുറത്തേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ടൂറിസം എന്നത് വരേണ്യ വര്‍ഗത്തിന്റേത് മാത്രമാണ് എന്ന ചിന്ത ഇല്ലാതാക്കണം. ഹൈ എന്റ് ടൂറിസത്തില്‍ നിന്നും താഴേക്ക് വന്നാല്‍ മാത്രമെ ടൂറിസം രംഗത്തിന് വിജയം ഉണ്ടാകുകയുളളുവെന്ന് അദ്ദേഹം പറഞ്ഞു.
കെ.മുരളീധരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ടൂറിസം സെക്രട്ടറി സുമന്‍ ബില്ല, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എം.രഘുദാസ്, എബ്രഹാം ജോര്‍ജ്ജ്, ഇ.എം.നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.












