മുക്കം: കേരളത്തിലെ ചില അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നു കുട്ടികളെ എത്തിച്ച സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നും മനുഷ്യക്കടത്ത് നിയമമനുസരിച്ചു ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണോദ്യോഗസ്ഥന്‍ ഡിഐജി എസ്. ശ്രീജിത് പറഞ്ഞു.
കുട്ടികളെ കടത്തിക്കൊണ്ടുവന്നതുമായി ബന്ധപ്പെട്ടു മുക്കം മുസ്‌ലിം അനാഥശാലയില്‍ തെളിവെടുപ്പിനെത്തിയ ഡിഐജി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. 2013ലെ മനുഷ്യക്കടത്ത് നിയമം 370-ാം വകുപ്പനുസരിച്ച് അന്യസംസ്ഥാനത്തുനിന്നു കുട്ടികളെ കൊണ്ടുവരാന്‍ പാലിക്കപ്പെടേണ്ട നിയമം ഇവിടെ ലംഘിക്കപ്പെട്ടു. 2013ല്‍ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ കേസാണിത്. അതിനുമുമ്പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്നു നിലവിലുണ്ടായിരുന്ന നിയമമനുസരിച്ചു നടപടിയെടുക്കും. ഇത്തരം അനാഥാലയങ്ങളില്‍ ഇപ്പോഴുള്ളതും നേരത്തേ ഉണ്ടായിരുന്നതുമായ കുട്ടികളെകുറിച്ചു മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും. അന്വേഷണറിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനു കൈമാറുമെന്നും ഡിഐജി അറിയിച്ചു.
Discussion about this post