ഹൈദരാബാദ്: ഇന്ത്യയുടെ 29-ാമത്തെ സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നു. തെലുങ്കാന പ്രക്ഷോഭം നയിച്ച ടിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവു സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഹൈദരാബാദ് രാജ്ഭവനില്‍ രാവിലെ 8.15-ന് നടന്ന ചടങ്ങില്‍ ചന്ദ്രശേഖര റാവു ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള 11 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്നു തെലുങ്കാന സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തു.
പ്രത്യേക സംസ്ഥാനത്തിനായി പതിറ്റാണ്ടുകള്‍ പിന്നിട്ട പ്രക്ഷോഭത്തിനാണ് ഇതോടെ പരിസമാപ്തിയായത്. തെലുങ്കാനയിലെ രാഷ്ട്രപതിഭരണവും ഇതോടെ അവസാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 119-ല്‍ 63 സീറ്റ് നേടിയ ടിആര്‍എസിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. 21 സീറ്റുള്ള കോണ്‍ഗ്രസാണു പ്രധാന പ്രതിപക്ഷം. തെലുങ്കാന രൂപവത്കരണത്തെ എതിര്‍ത്ത ടിഡിപിക്ക് 14-ഉം വൈഎസ്ആര്‍ കോണ്‍ഗ്രസിന് മൂന്നും സീറ്റു തെലുങ്കാനയില്‍ കിട്ടി.
ആന്ധ്രപ്രദേശ് നിയമസഭയിലെ ടിആര്‍എസ് നേതാവ് ഇ. രാജേന്ദര്‍, ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെ.ടി. രാമറാവു, റാവുവിന്റെ മരുമകന്‍ ടി. ഹരീഷ് റാവു, ടിആര്‍എസ് എംഎല്‍സി മഹ്മൂദ് അലി, മുതിര്‍ന്ന എംഎല്‍എ പി. ശ്രീനിവാസ റെഡ്ഡി എന്നിവരെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. വനിതകളില്‍നിന്ന് കോണ്ട സുരേഖ, പദ്മ ദേവേന്ദര്‍ റെഡ്ഡി, കോവ ലക്ഷ്മി എന്നിവരും പരിഗണിക്കപ്പെട്ടേക്കാം. ഈ മാസം അവസാനം മന്ത്രിസഭ വികസിപ്പിക്കാനും സാധ്യതയുണ്ട്.
തെലുങ്കാന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള കേസുകള്‍ പുതിയ സര്‍ക്കാര്‍ പിന്‍വലിക്കും. പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു ധനസഹായം നല്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ രാജീവ് ശര്‍മ തെലുങ്കാനയുടെ ചീഫ് സെക്രട്ടറിയാകും. ഹൈദരാബാദ് പോലീസ്‌കമ്മീഷണര്‍ അനുരാഗ് ശര്‍മ സംസ്ഥാന ഡിജിപിയായി ചുമതലയേല്‍ക്കും. 44 ഐഎഎസ് ഓഫീസര്‍മാരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം താത്കാലികമായി തെലുങ്കാനയ്ക്ക് അനുവദിച്ചിട്ടുണ്ട്. അവിഭക്ത ആന്ധ്രപ്രദേശ് കേഡറിലുള്ളവരാണിവര്‍.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍പ്രകാരമാണ് സംസ്ഥാനത്തിന് ആവശ്യമുള്ള ഐഎഎസ്, ഐപിഎസ്, ഐഎഫ്ഒഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. തെലുങ്കാനയ്ക്ക് 163 ഐഎസ്എസ്, 112 ഐപിഎസ്, 65 ഐഎഫ്ഒഎസ് ഉദ്യോഗസ്ഥര്‍ വേണമെന്നു മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യുഷ് സിന്‍ഹ തലവനായ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.












