തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 140 നിയമസഭാ നിയോജകമണ്ഡലങ്ങളിലും ജൂണ്‍ മുപ്പതിനകം ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
മഴക്കാലത്ത് ജലജന്യരോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും ഭക്ഷണം വില്‍ക്കുന്ന മറ്റിടങ്ങളിലെയും ശുചിത്വം നിരന്തര പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
ഊര്‍ജ്ജിത ഭക്ഷ്യസുരക്ഷാവാരാചരണത്തിനിടെ, ഭക്ഷ്യസുരക്ഷാ വകുപ്പ് 917 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 27 ഹോട്ടലുകളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും അവ പൂട്ടിക്കുകയും ചെയ്തു. നൂറിലധികം മാമ്പഴങ്ങള്‍, പച്ചക്കറികള്‍, കുടിവെള്ളം, വിവിധ കമ്പനികളുടെ 76 ബ്രാന്‍ഡ് ഭക്ഷ്യ എണ്ണകള്‍, 18 ബ്രാന്‍ഡ് പാല്‍ എന്നിവയുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തു. ജൂണ്‍ 2 മുതല്‍ ഒരാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ പരിസരങ്ങളിലും ലഹരി ചേര്‍ന്ന മിഠായികളും നിക്കോട്ടിനടങ്ങിയ ച്യൂയിംഗവും മറ്റ് പുകയില ഉത്പ്പന്നങ്ങളും വില്പന നടത്തുന്നത് തടയാന്‍ പ്രത്യേക റെയ്ഡുകള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ പ്രവേശനദിനത്തില്‍ കോഴിക്കോട് നടത്തിയ പരിശോധനയില്‍ നിക്കോട്ടിന്‍ കലര്‍ന്ന മിഠായികള്‍ പിടിച്ചെടുത്തു. കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. മായംചേര്‍ത്ത ഭക്ഷ്യ എണ്ണകള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് തടയാനുള്ള സംവിധാനം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനകം എണ്ണൂറിലധികം വെളിച്ചെണ്ണ ടാങ്കര്‍ ലോറികളാണ് ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ശീതളപാനീയ-ജ്യൂസ് കടകളില്‍ നിലവാരമില്ലാത്ത ഐസും പഴകിയതും ഉപയോഗശൂന്യമായതുമായ പഴവര്‍ഗ്ഗങ്ങളും ശുദ്ധമല്ലാത്ത ജലവും ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. മിനറല്‍ വാട്ടര്‍, പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍, ശുദ്ധീകരിച്ച ജലം എന്നിവ ഉപയോഗിക്കാത്ത ജ്യൂസ് കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് തൈക്കാട് റസ്റ്റ് ഹൗസില്‍ച്ചേര്‍ന്ന അവലോകനയോഗത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ചുമതലയുള്ള കെ. അനില്‍ കുമാറും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Discussion about this post