തിരുവനന്തപുരം: ഏറ്റവും വലിയ ഹരിതസൗഹൃദനഗരമായി തലസ്ഥാനത്തെ മാറ്റുന്നതിന് ഹരിതനഗരം പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. വനം- വന്യജീവി വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന ഹരിതശ്രീ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ക്രൈസ്റ്റ് നഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നഗരത്തില്‍ ഇന്നുള്ളതിന്റെ മൂന്നിരട്ടിയിലധികം മരങ്ങള്‍ വച്ചു പിടിപ്പിക്കാനും അവയ്‌ക്ക് തുടര്‍സംരക്ഷണം നല്‍കാനുമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ ഹരിതചത്വരങ്ങള്‍ നിര്‍മിക്കാനും മെഡിസിനല്‍ പ്‌ളാന്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്താനും പദ്ധതിയുണ്ട്. ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക. 2020 ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. പരമാവധി മരങ്ങളെ സംരക്ഷിച്ചു കൊണ്ട് മാത്രമേ നഗരത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തൂവെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ അഡ്വ കെ ചന്ദ്രിക അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാവനമിത്ര പുരസ്‌കാരം (25000 രൂപ) എം എം ഫസീറിന് ചടങ്ങില്‍ മന്ത്രി വി എസ് ശിവകുമാര്‍ വിതരണം ചെയ്‌തു. വൃക്ഷത്തൈ നട്ടുവളര്‍ത്തിയ കര്‍ഷകര്‍ക്കുള്ള ധനസഹായം ബി എസ് അനില്‍കുമാര്‍, ആന്റണി, ദിനു, മാധവന്‍ നായര്‍, ശ്രീദേവിയമ്മ തുടങ്ങിയവര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. വനത്തിനു പുറത്തുള്ള ജൈവവൈവിധ്യസംരക്ഷണത്തിന് അമാസ് എന്ന പരിസ്ഥിതിസംഘടനാപ്രതിനിധിക്കും എന്‍ ഷഫാനയ്‌ക്കും മേയര്‍ അനുമോദനപത്രം കൈമാറി. അങ്ങാടിക്കുരുവികളെ സംരക്ഷിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചതിന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി റഹീമിനും മേയര്‍ അനുമോദനപത്രം സമ്മാനിച്ചു. പി വി വാസുദേവന്‍നായര്‍ക്ക് കാവ് സംരക്ഷണത്തിനുള്ള ധനസഹായം ജില്ലാ കളക്‌ടര്‍ കൈമാറി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലീലാമ്മ ഐസക്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ ജി മോഹന്‍ലാല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ തണല്‍ ശ്രീധര്‍. ക്രൈസ്റ്റ് നഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ബിനോ പട്ടര്‍ക്കളം, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ടി കെ ജയകുമാര്‍ ശര്‍മ എന്നിവര്‍ സംസാരിച്ചു.
യോഗത്തിനെത്തിയ വിശിഷ്‌ട വ്യക്തികള്‍ സ്‌കൂളങ്കണത്തില്‍ വൃക്ഷത്തെകള്‍ നടുകയും ചെയ്തു.
Discussion about this post