ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ച കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചനയിലില്ലെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കരസേന മേധാവി സ്ഥാനത്തേക്ക് സിഹാഗിനെ നിയമിച്ചതിനെതിരേ സമയത്ത് ബിജെപി രംഗത്ത് വന്നിരുന്നു.
ചില കാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമാണെന്നും സൈന്യത്തിന്റെ കാര്യങ്ങള്‍ അത്തരത്തിലുള്ളതാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. സൈനിക വിഷയങ്ങളില്‍ രാഷ്ട്രീയ ആരോപണം പാടില്ല. കരസേന മേധാവിയുടെ നിയമനം പുനപരിശോധിക്കില്ലെന്നും രാജ്യസഭയില്‍ മന്ത്രി പറഞ്ഞു.
നിരപരാധികളെ വധിച്ചയാളാണ് സൈനിക തലപ്പത്ത് ഇരിക്കുന്നതെന്ന മുന്‍ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായ ജനറല്‍ വി.കെ.സിംഗിന്റെ പ്രസ്താവനയോടെയാണ് സംഭവം വീണ്ടും വിവാദമായത്. കരസേനാ ഉപമേധാവിയായിരുന്ന ലഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെതിരേ അന്നത്തെ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് സ്വീകരിച്ച അച്ചടക്ക നടപടി നിയമവിരുദ്ധവും കെട്ടിച്ചമച്ചതും അവ്യക്തവുമാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സിംഗിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ രംഗത്തെത്തി. കരസേന മേധാവിക്കെതിരേ മന്ത്രി നടത്തിയ പ്രസ്താവനയെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം വെച്ചു. ഇതേതുടര്‍ന്നാണ് പ്രതിരോധമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം വി.കെ.സിംഗിനെതിരേ പ്രതിരോധമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി റിപ്പോര്‍ട്ട് തേടി. തന്നോട് ആലോചിക്കാതെ റിപ്പോര്‍ട്ട് നല്‍കിയതിനെയാണ് മന്ത്രി ചോദ്യം ചെയ്തത്.













Discussion about this post