തിരുവനന്തപുരം: ഇഎഫ്എല്‍ നിയമത്തില്‍ വീണ്ടും ഭേദഗതി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നു വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. തീര്‍പ്പാക്കാനുള്ള 467 കേസുകള്‍ അടിയന്തിരമായി തീര്‍പ്പുണ്ടാക്കുന്നതിനാണു നിയമഭേദഗതി ആലോചിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി ഭേദഗതി വരുത്തുമ്പോള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
വനങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനു വിവിധ കര്‍മപരിപാടികള്‍ വനംവകുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട്. വന്യജീവികളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് അവയ്ക്കുകൂടി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ആവശ്യമാണ്. ഔഷധസസ്യങ്ങളും ഏഴിനം മരങ്ങളും ഉള്‍പ്പെടുത്തി വീടുകളില്‍ കുട്ടിവനം ഉണ്ടാക്കുന്നതിനുള്ള പദ്ധതി ആരംഭിക്കും. നല്ല നിലയില്‍ ഇതു പ്രാവര്‍ത്തികമാക്കുന്നവര്‍ക്കു ജില്ല, സംസ്ഥാന തലങ്ങളില്‍ പുരസ്‌കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post