ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില മാസം തോറും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഓരോ മാസവും പാചകവാതകത്തിന് അഞ്ചു രൂപയും മണ്ണെണ്ണ ലിറ്ററിന് ഒരു രൂപയും കൂട്ടാനാണു ശുപാര്‍ശ. വര്‍ദ്ധനയുടെ വിശദവിവരങ്ങള്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള കുറിപ്പ് തയാറാക്കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചൊവ്വാഴ്ച കേന്ദ്രപെട്രോളിയംവകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.
പാചകവാതകത്തിനു മാസം പത്തു രൂപ വച്ചു വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു പെട്രോളിയം മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം. പിന്നീടു പ്രധാനമന്ത്രി നരേന്ദ്ര മോഡി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി ചര്‍ച്ച നടത്തിയാണു വര്‍ധന പ്രതിമാസം അഞ്ചു രൂപ മതിയെന്നു തീരുമാനിച്ചത്.
മാസം തോറും വില കൂട്ടി ഘട്ടംഘട്ടമായി പാചകവാതക സബ്‌സിഡി എടുത്തുകളയുകയാണു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. 432.71 രൂപയാണ് ഒരു പാചക വാതക സിലിണ്ടറിനു കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സ ബ്‌സിഡി. ഈ നഷ്ടം നികത്തുന്നതുവരെ പ്രതിമാസമുള്ള വിലവര്‍ധന തുടരാനാകും സര്‍ക്കാര്‍ നീക്കം. പ്രതിമാസം അഞ്ചു രൂപ നിരക്കില്‍ വര്‍ധിപ്പിച്ചാല്‍ സബ്‌സിഡി ഒഴിവാക്കാന്‍ ഏഴു വര്‍ഷത്തോളം വേണ്ടിവരും.
Discussion about this post