തിരുവനന്തപുരം: സ്വകാര്യ മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ ഏകോപന സമിതി ജൂലായ് ഒന്ന്, രണ്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമര തീരുമാനം പിന്‍വലിച്ചത്.
സംഘടനകള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വമായ തീരുമാനമാണ് യോഗത്തിലുണ്ടായത്. വാഹന നികുതി അഞ്ച് വര്‍ഷത്തേയ്ക്ക് ഒരുമിച്ച് അടയ്ക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കും. നികുതി അതത് വര്‍ഷങ്ങളില്‍ സ്വീകരിക്കുന്ന പഴയരീതി തുടരും. വാഹന നികുതി വര്‍ദ്ധനയില്‍ കുറവുവരുത്തണമെന്ന ആവശ്യത്തിന്മേല്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാഹന നികുതിയടയ്ക്കുമ്പോള്‍ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന നിബന്ധന ഒഴിവാക്കും. പല വാഹനങ്ങളും ഇന്‍ഷ്വറന്‍സ് പ്രീമിയമെടുക്കാതെ നികുതിയടച്ച് വാഹനം നിരത്തിലിറക്കുമെന്നും അത് അപകടത്തിനും പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലെ അപാകങ്ങള്‍ പരിഹരിക്കുക, ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് അടുത്തമാസം രണ്ടിന് തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. ഓട്ടോ ടാക്‌സി നിരക്കില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തീരുമാനമെടുക്കും. ജൂലായ് 31 നകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിയോടാവശ്യപ്പെടാനും യോഗം നിര്‍ദ്ദേശിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് ഈടാക്കുന്ന നികുതി ഇവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് അവിടെ ഈടാക്കുന്ന നികുതിയുടേതിന് തുല്യമാക്കും. കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് അവിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ദ്ധന അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍ തീരുമാനമെടുക്കാന്‍ എറണാകുളം കളക്ടറെ ചുമതലപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എല്‍.എ.മാരായ എളമരം കരീം, എ. പ്രദീപ് കുമാര്‍, ബി. സത്യന്‍, വി. ശിവന്‍കുട്ടി, തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post