തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പലിശ സബ്‌സിഡി നിലവില്‍ വന്ന സാഹചര്യത്തില്‍, 2004 – 2009 കാലഘട്ടത്തില്‍ വിദ്യാഭ്യാസ വായ്പയെടുത്ത മൂന്ന്‌ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബവരുമാനമുള്ള തൊഴില്‍രഹിതര്‍ക്ക് പലിശയിളവ് അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പലിശ സബ്‌സിഡി പിന്‍വലിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാര്‍ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിച്ചവര്‍ക്ക് ജൂണ്‍ 30-ന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യത്തിനായി വായ്പനല്‍കിയ ബാങ്കിനെ സമീപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.
2004 ഏപ്രില്‍ ഒന്നുമുതല്‍ 2009 മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ വായ്പയെടുത്ത മൂന്ന്‌ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബവരുമാനമുള്ള വ്യക്തികള്‍ക്കു മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്‌കീം പ്രകാരം ആനുകൂല്യത്തിന് അര്‍ഹരാവുക. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീം പ്രകാരം 4.5 ലക്ഷം രൂപവരെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്‍ക്കും പലിശ സബ്‌സിഡി ലഭിക്കും. മാത്രമല്ല 2004 -ന് മുമ്പ് വായ്പയെടുത്തവര്‍ക്കും പലിശയിളവ് ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശ സബ്‌സിഡി റദ്ദാക്കിയാല്‍ വായ്പയെടുത്തവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല. മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കുന്നതുമാണ്. കൂടാതെ നടപടിക്രമങ്ങള്‍ ലളിതവുമാണ്. 2014-2015 ലെ കേന്ദ്ര ബജറ്റിലാണ് പുതിയ പലിശ സബ്‌സിഡി സ്‌കീം പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത, 4.5 ലക്ഷം രൂപവരെ വാര്‍ഷിക കുടുംബവരുമാനമുള്ള വ്യക്തികള്‍ക്ക് 2009 മാര്‍ച്ച് 31 വരെ അനുവദിച്ച വായ്പയുടെ 2013 ഡിസംബര്‍ 31 വരെയുള്ള കുടിശികയുടെ പലിശ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും.
Discussion about this post