തിരുവനന്തപുരം: സംസ്ഥാനത്തെ റയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി ചേര്‍ന്നിട്ടില്ലാത്ത സാഹചര്യത്തില്‍ തീര്‍പ്പാകാതെ കിടക്കുന്നവയില്‍ ഉടന്‍ തീരുമാനമെടുക്കും. സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും.ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാവും സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കുന്നത്. കുറുപ്പന്തറ -ചിങ്ങവനം റെയില്‍വേ ലെയിനിന്റെ വികസനത്തിന് കോതനല്ലൂര്‍-കാണക്കാരി വില്ലേജുകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കും.ഈ വര്‍ഷം സെപ്റ്റംബറോടെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും യോഗം തീരുമാനിച്ചു. സ്ഥലമേറ്റെടുപ്പിന് വേണ്ടിയുള്ള പ്രമാണങ്ങളില്‍ പിശകുള്ളവ റെയില്‍വേ അധികൃതര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് മടക്കി നല്‍കുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടി വയ്ക്കാനും കോടതിതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണം.അശ്രദ്ധയോ കാലതാമസമോ മൂലം പദ്ധതികള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, ജില്ലാ കളക്ടര്‍മാര്‍, റെയില്‍വേ, സംസ്ഥാന ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post