കാസര്‍കോട്: കെല്‍ കാസര്‍കോട് യൂണിറ്റും നവരത്‌ന കമ്പനിയായ ഭെല്ലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാകും. ധാരണാപത്രം അടുത്തമാസത്തിനുള്ളില്‍ ഒപ്പുവയ്‌ക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനവുമുണ്ടാകും. പത്തര കോടി രൂപ ആസ്‌തിയുള്ള കെല്‍ കാസര്‍കോട് യൂണിറ്റുമായി ഭെല്‍ സംയുക്‌ത സംരംഭത്തിലേര്‍പ്പെടുമ്പോള്‍ ഈ പൊതുമേഖലാ സ്‌ഥാപനത്തിന്റെ പേര് ഭെല്‍ ഇലക്‌ട്രിക്കല്‍ മെഷീന്‍ ലിമിറ്റഡ് എന്നായി മാറ്റാനാണ് ആലോചനയുള്ളത്.
ഓഹരി അനുപാതം ഭെല്‍ 51 ശതമാനവും കെല്‍ 49 ശതമാനവുമായിരിക്കും. 2003 മുതല്‍ 2009 വരെ അഞ്ചു കോടി രൂപ വരെ ആദായമുണ്ടായിരുന്ന കെല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ രണ്ടു കോടി രൂപ വരെ നഷ്‌ടത്തിലായി. ഭെല്ലുമായുള്ള കരാര്‍ വ്യവസ്‌ഥകളിലേക്ക് നീങ്ങിയപ്പോള്‍ ഫാക്‌ടറിയുടെ പ്രവര്‍ത്തനത്തിലുണ്ടായ മാന്ദ്യമാണ് നഷ്‌ടത്തിനു കാരണമായി ആരോപിക്കപ്പെടുന്നത്.
ധാരണാപത്രം ഒപ്പിട്ട് ആസ്‌തി പരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കി ഇനി ഓഹരി വ്യവസ്‌ഥകളുള്‍പ്പെടെയുള്ള കരാറില്‍ ഒപ്പു വയ്‌ക്കുന്നതോടെ കേരളത്തിന്റെ വ്യവസായ വികസന വളര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ലായി മാറും. 1986ല്‍ വ്യവസായ മന്ത്രി ഇ.അഹമ്മദ് തറക്കല്ലിട്ട് 1990ല്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്‌ഘാടനം ചെയ്‌ത സ്‌ഥാപനമാണ് മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡ്‌ക്കയിലെ കെല്‍. കാസര്‍കോട് ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സംരംഭമാണിത്. അള്‍ട്ടര്‍നേറ്ററുകളുടെഉല്‍പ്പാദനത്തിലൂടെ പിച്ചവച്ചു പ്രതിരോധ വകുപ്പിന്റെയും റയില്‍വേയുടെയും വിദേശങ്ങളിലെയും ഇടപാടുകളിലൂടെ മുന്നേറുകയായിരുന്നു.
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് സ്‌ഥാപനത്തെ മുന്നിലേക്ക് നയിച്ചത്. സീതാംഗോളിയില്‍ ആരംഭിച്ച എച്ച്‌എഎല്‍ യൂണിറ്റില്‍ അടുത്ത 13ന് ഉല്‍പ്പാദനം ആരംഭിക്കാനിരിക്കെ കെല്‍-ഭെല്‍ സംയുക്‌തസംരംഭം നിലവില്‍ വരുന്നതു ജില്ലയ്‌ക്കു വികസന കുതിപ്പേകുമെന്നാണു കരുതപ്പെടുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണു 13നു എച്ച്‌എഎല്‍ യൂണിറ്റില്‍ നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കുക.
Discussion about this post