തിരുവനന്തപുരം: ഇറാഖില്‍ നിന്ന് മടങ്ങിയെത്താനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്കായി നോര്‍ക്ക സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ആശുപത്രി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇറാഖില്‍നിന്ന് ലഭിക്കേണ്ട ശമ്പളകുടിശിക ഇന്ത്യന്‍ എംബസി വഴി ശേഖരിച്ച് നഴ്‌സുമാര്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തേ നാട്ടിലെത്തിയ പത്തു നഴ്‌സുമാര്‍ക്ക് വിമാനയാത്രാക്കൂലിയിനത്തില്‍ ചെലവായതുക നോര്‍ക്ക നല്‍കും. ഇപ്പോള്‍ മടങ്ങിയെത്തിയ 46 പേര്‍ക്ക് നോര്‍ക്ക വൈസ് ചെയര്‍മാനും വ്യവസായിയുമായ സി.കെ.മേനോന്‍ മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് ആമുഖ പ്രസംഗം നടത്തി. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അടൂര്‍ പ്രകാശ്, ജോസ് കെ.മാണി എം.പി. വിവിധ ആശുപത്രി ഗ്രൂപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post