തിരുവനന്തപുരം: 2015 ജനുവരി 26 ന് ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് കേരളം അവതരിപ്പിക്കുന്ന ടാബ്ലോയുടെ ഡിസൈന്‍ തയ്യാറാക്കുന്നതിന് ഈ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള കലാകാരന്മാര്‍/ശില്പികള്‍/ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനത്തിനര്‍ഹരായവര്‍ എന്നിവരില്‍ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഡിസൈന്‍ തയ്യാറാക്കാനുള്ള വിഷയങ്ങള്‍ ചുവടെ.
സംസ്ഥാനത്തിന്റെ ചരിത്ര പശ്ചാത്തലമുള്‍ക്കൊള്ളുന്ന വിഷയം, ഉത്സവങ്ങള്‍, സാംസ്‌കാരിക പൈതൃകം വെളിപ്പെടുത്തുന്ന വിഷയം, സംസ്ഥാനത്തെ വികസന പ്രവര്‍ത്തനം വിലയിരുത്തുന്നതും ദേശീയ പ്രാധാന്യമുള്ള പരേഡുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ യോഗ്യവുമായ പദ്ധതികളുടെ ദൃശ്യങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍. ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയായിരിക്കണം രൂപരേഖയും വിവരണവും തയ്യാറാക്കേണ്ടത്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വിഷയങ്ങളില്‍ ഡിസൈനുകള്‍ സമര്‍പ്പിക്കാം. 45 ഇഞ്ച് നീളവും 16 ഇഞ്ച് ഉയരവുമുള്ളതായിരിക്കണം ഡിസൈനുകള്‍. ഒറിജിനല്‍ കളറില്‍ തന്നെയാകണം ഡിസൈനുകള്‍ തയ്യാറാക്കേണ്ടത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ സെലക്ഷന്‍ കമ്മിറ്റി ഡിസൈന്‍ തെരഞ്ഞെടുക്കും. ഡിസൈന്‍ തയ്യാറാക്കിയവര്‍ തന്നെ ഇതിന്റെ ഫാബ്രിക്കേഷന്‍ ജോലികളും നിര്‍വഹിക്കണം.
ക്വട്ടേഷനുകള്‍ ജൂലൈ 20 ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍(www.prd.kerala.gov.in) -ല്‍ ലഭിക്കും.
Discussion about this post