
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജ് ആരംഭിച്ചിട്ട് ജൂലൈ 20 ന് 50 വര്‍ഷം. 1964 ജൂലൈ 20 ന് അന്നത്തെ മുഖ്യമന്ത്രി ആര്‍.ശങ്കറാണ് കോളേജ് ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ മേഖലയില്‍ ഉന്നതവിദ്യാഭ്യാസ സൗകര്യത്തിനുവേണ്ടി 30 ഓളം ജൂനിയര്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയില്‍ ലഭിച്ച കോളേജാണ് എസ്എന്‍ കോളേജ് പ്രീഡിഗ്രിക്ക് മൂന്ന് ബാച്ചുകളിലായി 232 വിദ്യാര്‍ത്ഥികളും 8 അദ്ധ്യാപകരും അനധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നത്.
ഗുരുദേവന്‍ ഭൂജാതനായ ചെമ്പഴന്തിയില്‍ ഒരു കോളേജ് ആരംഭിക്കണമെന്ന് ആഗ്രഹം ഏതാനും ഗുരുദേവഭക്തന്‍മാര്‍ വിദ്യാഭ്യാസമന്ത്രി കൂടിയായിരുന്ന ആര്‍.ശങ്കറെ അറിയിച്ചു. ഇതേ ആഗ്രഹം അദ്ദേഹത്തിനും ഉണ്ടായിരുന്നു. 1962 ല്‍ ചെമ്പഴന്തിയില്‍ കോളേജ് ആരംഭിക്കാന്‍ അനുമതി ലഭിച്ചു. മുന്‍ മന്ത്രിയും എസ്എന്‍ഡിപി യോഗത്തിന്റെ പ്രസിഡന്റുമായിരുന്ന എ.അച്യുതന്‍ ചെയര്‍മാനും റീഗല്‍ വേലായുധന്‍, നാണന്‍ കോണ്‍ട്രാക്ടര്‍ (ജഗതി) എം.വേലായുധന്‍ (എം.വി.നെയ്യാറ്റിന്‍കര). ഉഴമലയ്ക്കല്‍ ചക്രപാണി, ഗോപാലന്‍ ഐപിഎസ്., വേലായുധന്‍ മുതലാളി (ചെമ്പഴന്തി) എന്നിവര്‍ അംഗങ്ങളായ ലോക്കല്‍ കമ്മിറ്റിയാണ് കോളേജിന് ആവശ്യമായ 25 ഏക്കര്‍ സ്ഥലവും ധനവും സ്വരൂപിച്ചത്.
7 മുറികളുള്ള ഒരു കോളേജ് കെട്ടിടവും ലാബുകള്‍ക്ക് ആവശ്യമായ കെട്ടിടത്തിന്റെ പണിയും പൂര്‍ത്തിയാക്കി 1964 ജുലൈ 20ന് കോളേജിന്റെ ഉദ്ഘാടനം ആര്‍.ശങ്കര്‍ നിര്‍വഹിച്ചു. അദ്ധ്യയനത്തിന് ആരംഭംകുറിച്ച് ഇംഗ്ലീഷ് പുസ്തകത്തില്‍ നിന്ന് ഒരു പാഠം പഠിപ്പിച്ചതും ശങ്കറായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ശൂരനാട് പി.എന്‍.കുഞ്ഞന്‍പിള്ള, ഡോ.സി.ഒ കരുണാകരന്‍, പി.എസ്.ജോര്‍ജ്ജ്, റ്റി.പി.ജനാര്‍ദ്ദനന്‍, പി.എസ്.കാര്‍ത്തികേയന്‍, എസ്.എന്‍.ഡി.പി യോഗം നേതാക്കളും അതിനു സാക്ഷ്യം വഹിച്ചു.
1967 ല്‍ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ ഹിസ്റ്ററി, ഇംഗ്ലീഷ് കെമിസ്ട്രി വിഷയത്തില്‍ പി.ജി.കോഴ്‌സുകള്‍ ഉള്ളവയില്‍ 1703 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 74 അദ്ധ്യാപകരും 29 അനദ്ധ്യാപകരും ഇപ്പോള്‍ കോളേജിലുണ്ട്. 2004ല്‍ യൂജിസിയുടെ നാഷണല്‍ അസസ്‌മെന്റ് & അക്രഡിറ്റേഷന്‍ കമ്മിറ്റി ചെമ്പഴന്തി കോളേജിന് ബി പ്ലസ് ഗ്രേഡ് നല്‍കുകയുണ്ടായി. ഈ സരസ്വതീ ക്ഷേത്രത്തില്‍ നിന്ന് 41000 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ വിദ്യകൊണ്ടു പ്രബുദ്ധരായത്. പ്രൊഫ.ടി.സി.രാജന്‍ ആയിരുന്നു 1964 ലെ ആദ്യ പ്രിന്‍സിപ്പല്‍. ആദ്യബാച്ചിലെ 232 വിദ്യാര്‍ത്ഥികളില്‍ മഹാഭൂരിപക്ഷവും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. അദ്ധ്യാപകരില്‍ നിന്നും ലഭിച്ച ശിക്ഷണം, ഉപദേശം, പ്രത്യേകിച്ചും ഗുരുദേവാനുഗ്രഹം എന്നിവയാല്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഉന്നത പദവികളില്‍ എത്തി. കേരളാ യൂണിവേഴ്‌സിറ്റി എക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ഡോ.അല്‍വിന്‍ ബി.പ്രകാശ്, നിലമേല്‍ എന്‍എസ്എസ് കോളേജ് പ്രൊഫ.ബി.സുധാകരന്‍ പിള്ള, സോയില്‍ സര്‍വേ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എസ്.സുലേഖ, കെസിഎആര്‍ഡി ബാങ്കിന്റെ സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ മുന്‍പ്രിന്‍സിപ്പല്‍ കെ.സി.ശശികുമാര്‍, ഗ്രൗണ്ട്‌വാട്ടര്‍ ഡെവലപ്പ്‌മെന്റിലെ മുന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി.ശ്യാംസുന്ദര്‍, ഇന്‍സ്റ്റ്യൂട്ട്് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജുമെന്റ് മുന്‍ സെക്രട്ടറിയായിരുന്ന കെ.മോഹന്‍ (ഡെപ്യൂട്ടി കളക്ടര്‍), തിരുവനന്തപുരം ബാറിലെ അഭിഭാഷകനായ കൊഞ്ചിറ നീലകണ്ഠന്‍ നായര്‍, ജി.ഗിരിജാശങ്കര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), കെ.പ്രകാശ് (മുന്‍ എഡിറ്റര്‍ എന്‍സൈക്ലോപ്പീഡിയ ) എന്നിവര്‍ കോളേജിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നു. കൂടാതെ അനവധിപേര്‍ ദേശസാല്‍കൃത ബാങ്കുകളില്‍ സീനിയര്‍ മാനേജര്‍മാരായും സംസ്ഥാനവൈദ്യുതി ബോര്‍ഡില്‍ എന്‍ജിനീയര്‍മാരായും സേവനം അനുഷ്ഠിച്ചു.
ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികളില്‍ ജീവിച്ചിരിക്കുന്നവരും അന്നത്തെ അദ്ധ്യാപകരില്‍ അവശേഷിക്കുന്നവരും ജൂലൈ 20 ഞായറാഴ്ച ചെമ്പഴന്തി എസ്എന്‍ കോളേജില്‍ ഒത്തുചേര്‍ന്ന് കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.
ആദ്യബാച്ചിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന കെ.പി.ചിത്രഭാനു അദ്ധ്യക്ഷത വഹിക്കുന്ന സുവര്‍ണജൂബിലി സമ്മേളനം പ്രൊഫ.എസ്.പരമേശ്വരന്‍പിള്ള ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ.എല്‍.തുളസീധരന്‍, എസ്എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഡി.പ്രേംരാജ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം.ജി ശ്രീരാഗ് എന്നിവര്‍ സംസാരിക്കും. ആദ്യകാല അദ്ധ്യാപകരെ യോഗത്തില്‍ പൊന്നാടയണിയിച്ച് ആദരിക്കും.
Discussion about this post