തിരുവനന്തപുരം: ജില്ലയിലെ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ ലഹരിവിരുദ്ധബോധവത്‌കരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ജനകീയകമ്മിറ്റിയോഗത്തില്‍ തീരുമാനമായി. മയക്കുമരുന്ന്, പാന്‍പരാഗ് എന്നിവ അന്യസംസ്ഥാനത്തൊഴിലാളികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
നിയോജകമണ്‌ഡലാടിസ്ഥാനത്തിലുള്ള ജനകീയകമ്മിറ്റിപ്രവര്‍ത്തനം ശക്തമാക്കാനും സ്‌കൂളുകളിലും കോളേജുകളിലും ബോധവത്‌കരണക്‌ളാസുകള്‍ കൂടുതല്‍ സജീവമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.തിരുവനന്തപുരം നഗരത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പൊതുസ്ഥലത്ത് മദ്യപിച്ചവര്‍ക്കെതിരെ 2197 പോലീസ് കേസുകള്‍ എടുത്തിട്ടുണ്ട്. അനധികൃതമായി മദ്യം വിറ്റതിനെത്തുടര്‍ന്ന് അഞ്ചുകേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മെയ് 29 മുതല്‍ ജൂലൈ 16 വരെ എക്‌സൈസ് വകുപ്പ് 1428 റെയ്‌ഡുകള്‍ നടത്തുകയും 166 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു. ഈ കാലയളവില്‍ 173 അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും 5.1 ലിറ്റര്‍ ചാരായം, 11.312 കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. എഡിഎം വി ആര്‍ വിനോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ റ്റി ഉമ, എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് റഷീദ്, പോലീസ്-എക്‌സൈസ് വകുപ്പുദേ്യാഗസ്ഥര്‍, ജനകീയകമ്മിറ്റി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post