തിരുവനന്തപുരം: പതിനെട്ടു വയസ്സിനുതാഴെയുള്ളവര്‍ക്ക് സൗജന്യചികിത്സ നല്‌കുന്ന ആരോഗ്യകിരണം പദ്ധതിയിന്‍കീഴില്‍ ഇതുവരെ 4 ലക്ഷത്തോളം കുട്ടികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. കുട്ടികളുടെ ആരോഗ്യപരിപാലനരംഗത്ത് സര്‍ക്കാര്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യകിരണം പോലെ നൂതനവും ക്രിയാത്മകവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് സര്‍ക്കാരിന്റെ ഈ മേഖലയിലുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടിസവും ബുദ്ധിമാന്ദ്യവും – പ്രതിവിധികള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ വിഭാഗം അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിശീലനപരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവജാതശിശുക്കളുടെ രക്തപരിശോധന നടത്തി അവരുടെ വൈകല്യങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സിക്കാനുള്ള പദ്ധതിയും കേരള സര്‍ക്കാരിന്റെതായുണ്ട്. വിഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കാന്‍ അങ്കണവാടി പ്രവര്‍ത്തകരെ സജ്ജമാക്കുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ വിഭിന്നശേഷിയുള്ളവരുടെ മാതാപിതാക്കളിലും എത്തിക്കാന്‍ കഴിയുമെന്നും അങ്ങനെ ഈ സംരംഭം വിജയമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വലിയതുറ സെന്റ് ആന്റണീസ് കമ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടോണി ഒളിവര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സിഡിസി) ഡയറക്‌ടര്‍ ഡോ എം കെ സി നായര്‍, ഐസിഡിഎസ് പ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിഡിസിയിലെ ഡെവലപ്‌മെന്റ് തെറാപിസ്റ്റ് ജി എല്‍ പ്രസന്ന, ജനറല്‍ ആശുപത്രിയിലെ ക്‌ളിനികല്‍ സൈക്കോളജിസ്റ്റ് എസ് എന്‍ കസ്‌തൂരി തുടങ്ങിയവര്‍ ക്‌ളാസെടുത്തു.
Discussion about this post