ചെങ്കല്‍ സുധാകരന്‍
രുക്മിണീസ്വയംവരം
കുണ്ഡിനപതിയായ ഭീഷ്മകന്‍ അതിഥികളായ ചേദിരാജാവിനേയും കൂട്ടരേയും പൂജിച്ചാദരിച്ചു. എതിരേറ്റ് വാദ്യഘോഷങ്ങളോടും നൃത്തവിശേഷങ്ങളോടുംകൂടി വിവാഹപ്പന്തലിലേയ്ക്കാനയിച്ചു. ശ്രീകൃഷ്ണന്‍ ബലരാമനൊടൊപ്പം എത്തിയെന്നറിഞ്ഞ ഭീഷ്മകന്‍ അവരേയും യഥായോഗ്യം സല്‍ക്കരിച്ചു. ബ്രാഹ്മണരോടൊപ്പം ചെന്നെതിരേറ്റു. രത്‌നങ്ങള്‍, അക്ഷതം, വിശിഷ്ട വസ്ത്രങ്ങള്‍ എന്നിവ കാഴ്ചവച്ചു. അര്‍ഘ്യപാദ്യാദികളും കുസുമഫലമധുപര്‍ക്കാദ്യങ്ങളും സമര്‍പ്പിച്ച് പൂജിച്ചു. രാമകൃഷ്ണന്മാരെ തൃപ്തരാക്കി. അനവദ്യകാന്തി ചിന്നുന്ന ശ്രീകൃഷ്ണന് മകളെ നല്‍കാന്‍ കഴിയാത്തതില്‍ രാജാവ് അവ്യാജം ഖേദിച്ചു. അവരെ ആ നന്ദന വനത്തില്‍തന്നെ പാര്‍പ്പിച്ചിട്ട് രാജധാനിയിലേക്കു മടങ്ങി. സര്‍വ്വായ കോമളനായ ശ്രീകൃഷ്ണന്‍ ആഗമിച്ചിട്ടുണ്ടെന്നറിഞ്ഞ ഗ്രാമീണരും നാഗരികരുമായ ജനങ്ങള്‍ കൂട്ടംകൂട്ടമായെത്തി കൃഷ്ണകാന്തി കണ്ട് കണ്‍കുളിര്‍ത്തു. രുക്മിണിക്ക് കൃഷ്ണന്‍ മാത്രമാണ് യോഗ്യനെന്നും വൈദര്‍ഭി ഭഗവാന്റെ പത്‌നിയാകേണ്ടവളാണെന്നും അവര്‍ പരസ്പരം പറഞ്ഞു. കൃഷ്ണന്‍ രുക്മിണിയെ വേട്ടെങ്കില്‍ ശ്വശൂരഗൃഹത്തില്‍ ഇടയ്ക്കിടെ വരുന്ന ഭഗവാന്റെ കമനീയമായ കാന്തികണ്ട് മനം കുളിര്‍പ്പിക്കാമായിരുന്നെന്നും അവര്‍ ഉള്ളില്‍ കരുതി.
ഈശ്വരഭക്തി നിറഞ്ഞ ഒരു കഥ! തിന്മയുടെ അപജയവും നന്മയുടെ വിജയവുമാണിതിലെ മര്‍മ്മം. ഭീഷ്മകപുത്രിയായ രുക്മിണി ശ്രീകൃഷ്ണനെ പ്രേമിക്കുന്നതും പ്രാപിക്കുന്നതുമാണല്ലോ കഥ? ശുദ്ധഭക്തിയുടെ ലക്ഷ്യപ്രാപ്തിയെന്നു വ്യാഖ്യാനിച്ചാല്‍ അതൊരു തെറ്റാണെന്നു പറയാനാവില്ല. നന്മയാര്‍ന്നമനസ്സാണ് ഭക്തന്റെ ശുദ്ധമാനസം. നദി കടലിനെയെന്നപോലെ ഭക്തമനം ഈശ്വരനെ പ്രാപിക്കാനാണ് ശ്രമിക്കുന്നത്. അപ്പോള്‍ തടസ്സങ്ങള്‍ ധാരാളം വരും. അതാണ് ശിശുപാലപ്രവേശം. ശ്രീകൃഷ്ണന്റെ ആജന്മവൈരിയാണ് ചേദീരാജകുമാരന്‍! നന്മയുടെ തിളക്കം അയാള്‍ക്ക് നേത്രരോഗിക്കു ദീപം പോലെ, പ്രയാസമാണ്.
ശിശുപാലന്‍, ജയവിജയന്മാരില്‍ ജയന്റെ പുനര്‍ജ്ജന്മമാണ്. മുനിശാപത്താല്‍ മൂന്നുജന്മംകൊണ്ടേ അവരുടെ ശാപമവസാനിക്കൂ. ആദ്യം ഹിരണ്യാക്ഷ – ഹിരണ്യകശിപുക്കളായും രണ്ടാമത് രാവണ – കുംഭകര്‍ണ്ണന്മാരായും അവസാനം ശിശുപാല – ദന്തവക്ത്രന്മാരായും ജനിച്ചു. രണ്ടുപൂര്‍വ്വജന്മങ്ങളിലും സാക്ഷാല്‍ മാധവന്‍ തന്നെ അവരെ വധിച്ചു. ഒരു ജന്മാന്തംകൂടി വെമ്പലോടെ കാക്കുന്ന ശിശുപാലാദികള്‍ക്ക് ‘വൈകുണ്ഠരാജ്യമെനിക്കെന്നു കിട്ടുന്നു’? എന്നു ചിന്തമാത്രമാണ്. മുജ്ജന്മങ്ങളില്‍ സ്വീകരിച്ചപോലെ വിപരീത ഭക്തിതന്നെയാണ് ശിശുപാലനും കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ദമഘോഷന്റെ പുത്രനായിട്ടാണ് ജനിച്ചിരിക്കുന്നത്. ‘ദമത്തെ’ ഘോഷിക്കുന്നസ്വഭാവമാണ് പിതാവിന്. ഇന്ദ്രിയനിഗ്രഹമെന്ന ദമത്തെ ഘോഷിച്ച് നാനാവിധം പ്രവര്‍ത്തിക്കുന്നവനാണെന്ന് വികത്ഥനം ചെയ്തു നടക്കുന്നവരുടെ പ്രതീകമാണ് ചേദിപന്‍! അദ്ദേഹത്തിന്റെ പുത്രന്‍ ‘അച്ഛനൊത്തമകന്‍’ തന്നെയായിരിക്കുന്നു.
ആടയാഭരണങ്ങളണിഞ്ഞ് വിദര്‍ഭയിലേക്കു പുറപ്പെട്ട ശിശുപാലന്‍ ആനപ്പുറത്താണ് യാത്രചെയ്തത്. പുരാണേതിഹാസങ്ങളില്‍ ആനയേയും കുതിരയേയും ദേഹഭാവത്തിന്റെ പ്രതീകങ്ങളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ശരീരാഭിമാനിയായ ശിശുപാലന്‍, ഇന്ദ്രിയാസക്തനായി, സ്വയം മറന്ന്, രുക്മിണസ്വയംവരത്തിനായി പുറപ്പെട്ടു. ജന്മനാ ശ്രീകൃഷ്ണന്റെ ബദ്ധവൈരിയാണ് അയാള്‍. അവസരം കിട്ടുമ്പോഴെല്ലാം കൃഷ്ണനെ തള്ളിപ്പറഞ്ഞിട്ടേയുള്ളൂ. തെറ്റുകളേറിയിട്ടും അതിന്റെ അധിത്യകയിലെത്തുവാന്‍ കാക്കുകയാണ് കൃഷ്ണന്‍ ദൈവീഭാവത്തെ എതിര്‍ക്കുകയെന്നത് ആസുരകതയുടെ ലക്ഷണമാണ്. ഭാഗവതകഥകളിലെല്ലാം ഈ രീതികാണാം. ഇന്ദ്രിയമഗ്നതയും അഹന്തയും വളര്‍ന്ന്, തന്നെത്താന്‍ ശരീരമാണ്, അധികാരികളാകുന്ന പദവിയാണ്, എന്നൊക്കെ ധരിക്കുന്ന വിവേകഹിതന്മാര്‍ ഈശ്വരീയതയെ എതിര്‍ക്കാനായി അവസരം പാര്‍ത്തിരിക്കുകയും ചെയ്യും.
രുക്മിണി നിഷ്‌കളങ്കഭക്തിയുടെ പ്രതീകമാണ്. ശ്രീകൃഷ്ണഭഗവാന്റെ പട്ടമഹിഷിയായിട്ടാണ് ഭാഗവതകഥ വിശദമാക്കുന്നത്. ഭീഷ്മകനെന്ന ശ്രേഷ്ഠരാജാവിന്റെ പുത്രി! തന്റെ ജന്മം തന്നെ ഭഗവാന്റെ പാദസേവനത്തിനാണെന്നു വിശ്വസിക്കുന്ന വിശുദ്ധ! കുണ്ഡിതപതിയുടെ രണ്ടുമക്കള്‍ രണ്ടുതരം ചിന്തയുള്ളവരായിരുന്നു. അവരുടെ പേരുകള്‍തന്നെ ആ സ്വഭാവ വ്യത്യാസം വെളിവാക്കുന്നു. രുക്മിണി സുവര്‍ണ്ണവര്‍ണ്ണ അവളുടെ മനസ്സിന്റെ വര്‍ണ്ണമാണത്. നന്മയുടെ പ്രതീകമെന്നുസാരം! രുക്മ നിഃ എന്നു വിഘടിപ്പിച്ചാല്‍ രുക്മനി ഹനം ചെയ്യുന്നവള്‍ എന്ന അര്‍ത്ഥം വരും. രുക്മം = സ്വര്‍ണ്ണം. സ്വര്‍ണ്ണം = ധനം! അപ്പോള്‍ ധനത്തെ നിഷേധിക്കുന്നവള്‍ എന്നാകും അര്‍ത്ഥം. ലൗകിക ചിന്തയല്ലാത്തവള്‍ എന്നേ ലൗകിക ഭാവത്തിന് സ്ഥാനമില്ലാത്ത മനസ്സോടുകൂടിയവള്‍ എന്നോ ലാക്ഷണികമായി ഊഹിക്കാം. അവളുടെ ജ്യേഷ്ഠനാകട്ടെ ആവിധമല്ല. അയാള്‍ രുക്മിയാണ്. സ്വര്‍ണ്ണത്തിന്നധികാരിയെന്നര്‍ത്ഥം! ധനത്തില്‍ അധികാരീമനസ്സുള്ളയാള്‍! ധനാസക്തനാണെന്നു ചുരുക്കം. ധനാര്‍ത്തന്‍ ലൗകികാസക്തിയുടെ മകുടോദാഹരണമാണ്. അങ്ങനെയുള്ളൊരാള്‍ക്ക് ദേവഭാവത്തോടടുക്കാന്‍ തോന്നുകയില്ല. രുക്മി, ഭഗവാനെ എതിര്‍ക്കുന്നതിലെ അടിസ്ഥാനതത്ത്വമിതാണ്. ശിശുപാലനമായുള്ള മിത്രതയും അതുകാരണമുണ്ടായ ശ്രീകൃഷ്ണ ശത്രുതയും കഥയുടെ സ്ഥൂലാംശങ്ങള്‍ മാത്രം!
അടിക്കടി വളര്‍ന്നു വരുന്ന കൃഷ്ണഭക്തിയാണ് രുക്മിണിയില്‍ കാണാന്‍ കഴിയുന്നത്. ശ്രീകൃഷ്ണനും രുക്മിണിയും കര്‍ണ്ണാകര്‍ണ്ണികയാ അറിഞ്ഞതുമുതല്‍ പരസ്പരം സ്‌നേഹം വളര്‍ന്നു. തന്റെ ജീവതലക്ഷ്യം തന്നെ കൃഷ്ണപ്രാപ്തിയാണെന്ന് രുക്മിണി കരുതി. മറ്റാരേയും പ്രാണനാഥനായി സങ്കല്പിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. വിപരീതസാഹചര്യമുണ്ടായപ്പോള്‍ മനമുഴറിപ്പോയി. പരിഹാരത്തിനായിട്ടാണ് വിപ്രഭൂത്! ഇവിടെ നിറഞ്ഞ ഭക്തിയുടെ പ്രതീകമായി രുക്മിണിയെ കാണുന്നു. രുക്മിയുടെ തടസ്സവും ശിശുപാലന്റെ പ്രവേശവും അവളുടെ നിശ്ചലഭക്തിയെ തടസ്സപ്പെടുത്തുമോ എന്നു സ്വയം ഭയപ്പെട്ടു. അപ്പോഴാണ് ബ്രാഹ്മണനെ കൃഷ്ണനടുക്കലേക്ക് ദൂതനായയച്ചത്. ഈ ബ്രാഹ്മണന്‍ രുക്മിണീമാനസമാണ്. ഉറച്ചഭക്തി അചഞ്ചലമായി മുന്നേറിയെന്നര്‍ത്ഥം. ഉണ്ടായ തടസ്സങ്ങളെവെന്ന് ദൃഢമായ മനസ്സ് കൃഷ്ണനില്‍ അഭയം പ്രാപിച്ചു എന്നു സാരം! ബ്രഹ്മജ്ഞാനം നിറഞ്ഞ മനസ്സിന്റെ പ്രതീകമായി. ബ്രാഹ്മണനെ അറിഞ്ഞാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവുകയില്ല.
ഭക്തപരായണനാണ് നാരായണന്‍ നിരീഹ ഭക്തന്റെ പ്രാര്‍ത്ഥന പൂരിപ്പിച്ചാലേ ഭഗവാന് തൃപ്തിവരൂ. അതാണ് ബ്രാഹ്മണനോടൊപ്പം തന്നെ ഭഗവാന്‍ കുണ്ഡിനത്തിലേക്കു തിരിച്ചത്. ഭാഗവതകഥകള്‍ ഉദ്‌ഘോഷണം ചെയ്യുന്നതും ഈ തത്ത്വംതന്നെ.
സ്വയം വരദിനത്തില്‍ കുലദേവതാ വന്ദനത്തിനായി രുക്മിണി പുറപ്പെട്ടു. ദേവീദര്‍ശനം കഴിഞ്ഞ ഉടന്‍ മനോരഥപൂര്‍ത്തീകരണവും നടന്നു. തന്റെ പ്രാര്‍ത്ഥനാ ദൈവം മുന്നില്‍ വരദാഭയ മുദ്രകളോടെ നില്‍ക്കുന്നതു കാണുന്നതിലധികം ആനന്ദം ഭക്തനുണ്ടാവാനില്ല. ഭഗവദ്ദര്‍ശനത്താല്‍ രുക്മിണിക്കുണ്ടായ സായൂജ്യലാഭം അനന്തമായ ആനന്ദമാണ്. സാധാരണ കാമുകീകാമുകന്‍മാര്‍ക്കുണ്ടാകുന്ന ഐന്ദ്ര്യമായ ആഹ്ലാദമല്ല അത്. ജീവാത്മാവും പരമാത്മാവും ഒന്നായിത്തീരുന്ന ലയമാണ്. സര്‍വ്വേന്ദ്രിയങ്ങളേയും ഈശ്വരനില്‍ സമര്‍പ്പിച്ച്, ‘അന്തിമമാം മണമര്‍പ്പിച്ച് അണയുവാന്‍ മലര്‍കാക്കില്ലേ ഗന്ധവാഹനെ? അതുപോലുള്ളൊരു പര്യാപ്തി! രുക്മിണീ സ്വയംവരത്തിലെ അഹൈതുകീഭക്തി മഹാഭാഗവതകഥകളില്‍ അതിപ്രധാനമായ ഒരു സന്ദര്‍ഭമാകുന്നു. (തുടരും)
Discussion about this post