ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധരംഗത്ത് 49 ശതമാനവും റെയില്‍വേയില്‍ ചില മേഖലകളില്‍ 100 ശതമാനവും വിദേശ നിക്ഷേപത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.
പ്രതിരോധ ഉത്പാദന രംഗത്ത് ഇതുവരെ 26 ശതമാനമാണു വിദേശനിക്ഷേപത്തിന്റെ പരിധി. ഇതാണ് 49 ശതമാനം ആക്കുന്നത്. എന്നാല്‍, പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങളുടെ നിയന്ത്രണം ഇന്ത്യക്കാരുടെ കൈകളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പ്രതിരോധ രംഗത്തെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. സൈനിക ഉപകരണങ്ങളുടെ 70 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
റെയില്‍വേയില്‍ അതിവേഗ ട്രെയിന്‍ സംവിധാനം, സബര്‍ബന്‍ റെയില്‍ സംവിധാനം, ചരക്ക് ഇടനാഴികള്‍ എന്നീ രംഗങ്ങളില്‍ നൂറു ശതമാനം വിദേശനിക്ഷേപമാണ് അനുവദിച്ചിരിക്കുന്നത്. രണ്ടു മേഖലകളിലും വിദേശനിക്ഷേപത്തിന്റെ തോത് ഉയര്‍ത്തുമെന്നു ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചിരുന്നു. പ്രതിരോധ രംഗത്ത് വിദേശനിക്ഷേപത്തിന്റെ തോതു വര്‍ധിപ്പിക്കാനുള്ള ആലോചന വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണ്. യുപി എ സര്‍ക്കാരിന്റെ കാലത്ത് വാണിജ്യമന്ത്രാലയമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
പ്രതിരോധ രംഗത്ത് വിദേശനിക്ഷേപത്തിന്റെ തോത് ഉയര്‍ത്തുകയാണെങ്കില്‍ ആഭ്യന്തര കമ്പനികള്‍ക്കു സഹായകമാകുമെന്ന നിലപാടാണ് ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരിനുള്ളത്. റെയില്‍വേയില്‍ നിര്‍ദേശിച്ചിരിക്കുന്ന വിദേശനിക്ഷേപം അതിന്റെ ആധുനികവത്കരണത്തിനും വികസനത്തിനും പ്രയോജനകരമാകുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ട്രെയിന്‍ ഗതാഗതം, സുരക്ഷ എന്നിവയെ വിദേശനിക്ഷേപത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.












