ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
നിര്‍ഗുണധ്യാനം
ദേവി ശങ്കര (ശിവ) പത്‌നിയും ഐശ്വര്യദാത്രിയുമായ പതിവ്രതയും (സാധ്വി)യും ശരല്‍കാലത്തെ പൂര്‍ണചന്ദ്രനെപ്പോലെ ആഹ്ലാദം നല്‍കത്തക്കവണ്ണം അഴകും പ്രകാശവുമിയന്ന മുഖമുള്ളവരുമത്രേ. കൃശോദരിയാണ്. ശാന്തിയാര്‍ന്നവളാണ്. ശാതം = കൃശം. ശതോദരന്‍ (=ഒട്ടേറെ ഗുഹകള്‍ ഉള്ളവന്‍) ഹിമവാന്റെ പര്യായമാകയാല്‍ ശാതോദരി = ഹൈമവതി എന്നും അര്‍ത്ഥം കല്‍പിക്കാം. അമ്മയുടെ തനതു പ്രകൃതമാണല്ലോ ശാന്തത. ഏതു രൂപം സ്വീകരിച്ചാലും ലോകശാന്തിയാണ് ദേവിയുടെ ഉന്നം. സാമാന്യജനസാധാരണമായ പല ദോഷങ്ങളും സവിശേഷതകളും ദേവിയെ സ്പര്‍ശിക്കുന്നില്ല, ദേവി അവയെ നിര്‍മാര്‍ജനം ചെയ്യുന്നവളേ്രത – ഇതാണ് ഈ ഖണ്ഡത്തിലെ മറ്റു മിക്ക നാമങ്ങളുടെയും മാതൃക. തന്നെ താങ്ങി നിറുത്താന്‍, അഥവാ തനിക്കവലംബമാവാന്‍ ഒന്നും ആവശ്യമില്ലാത്തവളാണു ദേവി (നീര് – ആധാരാ). അമ്മയില്‍ ഒരുതരം അഴുക്കും (അഞ്ജനം) പുരളുകയില്ല.
നിര്‍ലേപാ നിര്‍മ്മലാ നിത്യാ നിരാകാരാ നിരാകുലാ
നിര്‍ഗുണാ നിഷ്‌കലാ ശാന്താ നിഷ്‌കാമാ നിരുപപ്ളവാ
കര്‍മബന്ധങ്ങള്‍ക്ക് (ലേപം) അതീതയും ഒരുതരത്തിലുള്ള അഴുക്കോ അജ്ഞാനമോ (മലം) ബാധിക്കാത്തവളും കാലത്തിനതീതയാകയാല്‍ ശാശ്വത (നിത്യ)യുമാണ് അമ്മ. ഇന്നതാണ് അമ്മയുടെ ആകാരം എന്ന് ഉറപ്പിക്കാനാവത്തതിനാല്‍ അമ്മ ആകാരമില്ലാത്തവളത്രേ. സ്ഥിതിഭേദം അഥവാ ചാഞ്ചല്യം (ആകുലത) ഒട്ടുമില്ലാത്ത സ്ഥിരതയാണ് അമ്മയുടെ സ്വഭാവം. സത്വരജസ്തമോഗുണങ്ങള്‍ക്കതീതയും കലകള്‍ (വിവിധഭാഗങ്ങള്‍) ആയി വിഭജിക്കാനാവാത്തവളും എല്ലാത്തരം ക്ഷോഭങ്ങളും ഒഴിവായി ശമം സ്വഭാവമായിത്തീര്‍ന്നതിനാല്‍ ശമവതി (ശാന്ത)യുമാണ് അമ്മ. ഒരുതരത്തിലുമുള്ള ആഗ്രഹമില്ലാത്ത അമ്മ നാശത്തിന് (ഉപപ്ളവം) അതീതയാണ്.
Discussion about this post