കൊല്ലം: ചവറ കെഎംഎംഎല്ലിലെ വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കി. വാതകച്ചോര്‍ച്ചയുടെ ഉറവിടം സംബന്ധിച്ച ഉദ്യോഗസ്ഥരുടെ വിശദീകരണം കളവാണെന്നു തെളിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം ഉന്നതരിലേക്കും വ്യാപിപ്പിക്കുന്നത്. ഉറവിടം മറച്ചുവച്ചത് അട്ടിമറിയുടെ ഭാഗമാണോ എന്ന് അന്വേഷിക്കും. ഇതിന്റെ ഭാഗമായി കെഎംഎംഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്‌തേക്കും.
വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ജീവനക്കാരെ ചോദ്യംചെയ്തിരുന്നു. ചോര്‍ച്ച നടന്നുവെന്നു പറയുന്ന ക്ലോറിനേഷന്‍ യൂണിറ്റ് 200 എന്ന പ്ലാന്റിലെയും സമീപ പ്ലാന്റുകളിലെയും ജീവനക്കാരെയാണു ചോദ്യംചെയ്തത്. എന്നാല്‍ വാതകച്ചോര്‍ച്ചയുടെ ഉറവിടം ക്ലോറിനേറ്റിനു സമീപമുള്ള അബ്‌സോര്‍ബര്‍ ഭാഗത്താണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോര്‍യുടെ ഉറവിടം സംബന്ധിച്ച് മാനേജ്‌മെന്റിന്റെ വിശദീകരണം അന്വേഷണസംഘത്തെ വഴിതെറ്റിക്കാനായിരുന്നുവെന്നും സംശയമുണ്ട്. രണ്ടാം ദിവസത്തെ സംഭവം വാതകച്ചോര്‍ച്ച തന്നെ ആണോയെന്ന കാര്യത്തില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
അസംസ്‌കൃതവസ്തുവായ പെട്രോളിയം കോക്ക് ആണ് വിഷവാതകത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്. കോക്കിലെ സള്‍ഫര്‍ കൂടിയാല്‍ അത് വിഷവാതകമാകും. അങ്ങനെയാണെങ്കില്‍, ഇതിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. അടച്ചുപൂട്ടിയ പ്ലാന്റ് തുറന്നോ, തുറന്നെങ്കില്‍ ആരുടെ നിര്‍ദേശപ്രകാരം, ഇക്കാര്യത്തില്‍ കരിമണല്‍ ലോബിയുടേതടക്കം ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നിവയാണു പ്രധാനമായും അന്വേഷിക്കുന്നത്.
Discussion about this post