കൊല്ലം: വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചവറ കെഎംഎംഎല്ലിലെ പ്ളാന്റുകള്‍ താത്കാലികമായി ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ രാവിലെ മുതല്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ കെഎംഎംഎല്‍ പരിസരവും വിഷവാതകം ശ്വസിച്ച കുട്ടികള്‍ പഠിച്ച വിദ്യാലയങ്ങളുടെ പരിസരവും പരിശോധന നടത്തി. അന്തരീക്ഷത്തിലെ വാതകങ്ങളുടെ ടെസ്റ്റും ഇവര്‍ നടത്തി. എന്നാല്‍, കമ്പനിയിലെ പ്ളാന്റുകള്‍ പൂര്‍ണസ്ഥിതിയില്‍ ആയാല്‍ മാത്രമേ യഥാര്‍ഥത്തില്‍ കെഎംഎംഎലില്‍ നിന്നു പുറപ്പെടുന്ന വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ എത്രമാത്രം ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കൂവെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍, കമ്പനിയില്‍ നിന്നു മറ്റു കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ലെങ്കില്‍ കമ്പനി തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാരില്‍ നിന്നു ലഭ്യമാക്കുമെന്നാണു വിവരം. പ്ളാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആയിട്ടും പ്ളാന്റില്‍ നിന്ന് ആരോപണവിധേയമായ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ അട്ടിമറിയെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്താനാണു തീരുമാനം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആരെങ്കിലും മനഃപൂര്‍വം വിഷവാതകം തുറന്നുവിട്ടതാണോ എന്ന നിഗമനത്തിലുള്ള അന്വേഷണമായിരിക്കും വരിക എന്നാണു വിവരം. ചവറ ശങ്കരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. ഗേള്‍സ് എച്ച്എസ്, കാമന്‍കുളങ്ങര ഗവ. എല്‍പിഎസ്, ലൂര്‍ദ്മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്മന ചിറ്റൂര്‍ യുപിഎസ് എന്നിവിടങ്ങളില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സിന്റെ കൊല്ലം ജോയിന്റ് ഡയറക്ടര്‍ കെ. ജയചന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന നോസ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയ വാതകങ്ങളുടെ അളവുകളെ സംബന്ധിച്ച പരിശോധനയാണ് ഇന്നലെ നടന്നത്. രാത്രിയിലും പരിശോധന നടന്നുവരികയാണ്.
ഓണ്‍ലൈന്‍ മോണിറ്ററിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധനയും വിദഗ്ധ സംഘം നടത്തുന്നുണ്ട്. പ്ലാന്റുകള്‍ മുഴുവന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോള്‍ എല്ലാ പ്ളാന്റുകളില്‍ നിന്നുമുള്ള കെമിക്കല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. എന്നാല്‍ നിലവാരം കുറഞ്ഞ പെട്രോളിയം കോക്കില്‍ സള്‍ഫറിന്റെ അംശം ഉള്ളതായി കണ്ടെത്തിയെന്നാണ് സൂചന. ഇതു വാതക ചോര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post