തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം നവംബര്‍ 15 ന് ആരംഭിക്കാനിരിക്കെ ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം എല്ലാ വകുപ്പുകളുടെയും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിപുലമായ ക്രമീകരണങ്ങളാണ് തീര്‍ത്ഥാടനത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് യോഗത്തിന് ശേഷം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് ഇക്കുറി ഔഷധ കുടിവെള്ളമാണ് (മെഡിസിനല്‍ ഡ്രിങ്കിങ് വാട്ടര്‍) വിതരണം ചെയ്യുന്നത്. അടുത്തവര്‍ഷത്തോടെ കുപ്പിവെള്ളം ശബരിമലയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കും. ഓക്‌സിജന്‍ പാര്‍ലറുകള്‍ വര്‍ദ്ധിപ്പിക്കും. മാളികപ്പുറങ്ങള്‍ക്കും ശാരീരിക ന്യൂനതകള്‍ ഉള്ളവര്‍ക്കും ദര്‍ശനത്തിന് പ്രത്യേക ക്യൂ സംവിധാനം ഒരുക്കും. നിലയ്ക്കല്‍ -ത്രിവേണിയില്‍ കെ.എസ്.ഇ.ബി.യുടെ സബ്‌സ്റ്റേഷന്‍ ഈ വര്‍ഷം ആരംഭിക്കും. ഒരേക്കര്‍ സ്ഥലത്ത് 33 കെ.വി സബ്‌സ്റ്റേഷനാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് കോടി രൂപ ഇതിനായി വകയിരുത്തും. അതുവരെ നിലയ്ക്കലില്‍ താത്കാലിക സംവിധാനം നടപ്പാക്കും.
ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കണമലപ്പാലം ഈ തീര്‍ത്ഥാടനകാലത്തിന് മുമ്പ് നിര്‍മ്മിച്ച് തുറന്നുകൊടുക്കും. പമ്പയിലെ പ്രധാന റോഡുകള്‍ ഗതാഗതയോഗ്യമാക്കും. എരുമേലി തോട് നവീകരണത്തിനായി 2.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍-സ്‌പെന്‍സര്‍ ജംഗ്ഷന്‍-സത്രം റോഡ് ധനമന്ത്രാലയത്തില്‍ നിന്നും തുക സംബന്ധിച്ച അനുമതി ലഭ്യമായാലുടന്‍ നിര്‍മ്മാണം ആരംഭിക്കും. മോട്ടോര്‍ വാഹന വകുപ്പ് സെയ്ഫ് സോണ്‍ പദ്ധതി ഇക്കുറിയും നടപ്പാക്കുന്നുണ്ട്. വകുപ്പിനായി കണ്‍ട്രോള്‍ റൂം നിലയ്ക്കലിലും കോര്‍ഡിനേഷന്‍ റൂം പമ്പയിലും ആരംഭിക്കാന്‍ സംവിധാനമൊരുക്കും.
പഞ്ചായത്തുകള്‍ക്ക് ശുചീകരണം, അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങിയവയ്ക്കായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. തീര്‍ത്ഥാടന സമയത്ത് കെ.എസ്.ആര്‍.ടി.സി പുതിയ ഇരുനൂറ് ബസുകള്‍ പ്രത്യേകമായി സര്‍വീസ് നടത്തും. പോലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തും. പോലീസ് മെസിന് സബ്‌സിഡിയായി 1.2 കോടി രൂപ അനുവദിക്കും. പുല്ലുമേട് ഭാഗത്ത് പ്രത്യേകമായി അസ്ത ലൈറ്റുകള്‍ സജ്ജമാക്കും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് കണ്‍ട്രോള്‍ റൂം സംവിധാനമുണ്ടാക്കും. സ്വാമി അയ്യപ്പന്‍ റോഡില്‍ ബാരിക്കേടുകളും മൂത്രപ്പുരകളും വനംവകുപ്പ് നിര്‍മ്മിക്കും. ഇതിനുള്ള തുക ദേവസ്വംബോര്‍ഡ് നല്‍കും.
സന്നിധാനം സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നവംബര്‍ ആദ്യവാരം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. 23 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. അപ്പം, അരവണ എന്നിവയ്ക്കുള്ള ക്യൂ സംവിധാനം ഒഴിവാക്കും. ഇതിനായി പ്രത്യേക സംവിധാനം ഉറപ്പാക്കും. പോലീസ് മെസ് കോംപ്ലക്‌സിന് അന്‍പത് ശതമാനം തുക കൂടി ഉടന്‍ ലഭ്യമാക്കും. വിശുദ്ധിസേനയുടെ പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കും.
യോഗത്തില്‍ മന്ത്രിമാരായ കെ.എം. മാണി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, ചീഫ് .വിപ്പ് പി.സി.ജോര്‍ജ്, എം.എല്‍.എ.മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post