തിരുവനന്തപുരം: അഴിമതി മൂലം ജനങ്ങള്‍ക്ക് ജനാധിപത്യത്തിലും നിലവിലുളള ഭരണസംവിധാനത്തിലും വിശ്വാസം നഷ്‌ടപ്പെടുകയാണെന്നും ഇതിനെ നേരിടാന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ പരിഷ്‌കരണമടക്കമുളള നടപടികളെക്കുറിച്ച് അടിയന്തിരമായി ആലോചിക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിവിരുദ്ധസ്ഥാപനങ്ങളും ഭാവിയും എന്ന വിഷയത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്‌ഷന്‍ ബ്യൂറോ സംഘടിപ്പിച്ച ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ നിഷേധവോട്ടിന്റെ ശതമാനം അവഗണിക്കത്തക്കതല്ല. അഴിമതി കാരണം ജനങ്ങള്‍ക്ക് നിലവിലുളള സംവിധാനത്തില്‍ വിശ്വാസം നഷ്‌ടപ്പെടുന്നതിന്റെ സൂചനയാണിത്. വോട്ടിങ് ശതമാനം കുറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. ചില സംസ്ഥാനങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പണവും പ്രലോഭനവും നല്‍കി വോട്ട് ചെയ്യിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇലക്ഷന്‍ കമ്മീഷന്‍ ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഇനിയും ഫലവത്താകേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് സംവിധാനമുള്‍പ്പെടെ സകലമേഖലകളിലും അഴിമതിക്കെതിരായ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കുന്നതിലൂടെ മാത്രമേ ഭരണസംവിധാനത്തിന് സംഭവിച്ച കേടുപാടുകള്‍ നികത്താനാകൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന കാലതാമസവും ഒഴിവാക്കേണ്ടതുണ്ട്. ലോകായുക്ത ശക്തിപ്പെടുത്തേണ്ടതും ആവശ്യമാണ്. ലോക്‌പാല്‍ നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. പൂജപ്പുര രാജീവ്‌ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടന്ന ശില്‌പശാലയില്‍ മുന്‍ സുപ്രീം കോടതി ജഡ്‌ജി എന്‍. സന്തോഷ് ഹെഗ്‌ഡേ, മുന്‍ ലോകായുക്ത ജസ്റ്റിസ് കെ. ശ്രീധരന്‍, ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, കെ.എസ്.എഫ്.ഡി.ആര്‍.സി. ചെയര്‍മാന്‍ ജസ്റ്റിസ്. എം.ആര്‍. ഹരിഹരന്‍ നായര്‍, എന്‍.എല്‍.എസ്.ഐ.യു. സ്ഥാപകന്‍ ഡോ. എന്‍.ആര്‍. മാധവന്‍ നായര്‍, ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, അഡീ. ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍, ഫോറസ്റ്റ് ഫോഴ്‌സസ് മേധാവി വി. ഗോപിനാഥന്‍, വിജിലന്‍സ് ആന്‍ഡ് ആന്റികറപ്‌ഷന്‍ ബ്യൂറോ ഡയറക്‌ടര്‍ വിന്‍സന്റ് എം പോള്‍, പത്രപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്‌ണന്‍, അഡ്വ. രേഖ സി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post