തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും ഇത് ഏഷ്യയിലെ ഏറ്റവും വലിയ പൊലീസ് യൂണിവേഴ്‌സിറ്റി ആയിരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസുകാര്‍ക്ക് തുടര്‍ പഠനം, ഗവേഷണം എന്നിവയ്‌ക്കുളള സൗകര്യം ഇവിടെ ഉണ്ടാകും. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ഇവിടെ പ്രവേശനം ലഭ്യമാക്കും. പത്താം തരം, പ്ലസ് റ്റു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 355 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റുഡന്റ് പൊലീസ് സംവിധാനം എല്ലാ വിദ്യാലയങ്ങളിലേയ്‌ക്കും വ്യാപിപ്പിക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്കായി പുതിയ ഡയറക്‌ടറേറ്റ് സ്ഥാപിക്കും. കൂടുതല്‍ സ്‌കൂളുകള്‍ ഈ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നുണ്ട്. ഇപ്പോള്‍ പദ്ധതി നടന്നുവരുന്ന സ്‌കൂളിലെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും പുതുതായി പദ്ധതി ആരംഭിക്കുന്ന സ്വകാര്യസ്‌കൂളുകളിലെ ചെലവ് അതത് സ്‌കൂളുകള്‍ വഹിക്കണമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ മലയാളി സ്‌കൂളുകളിലും പദ്ധതി ആരംഭിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ശാരീരികക്ഷമതയ്‌ക്ക് പുറമേ അച്ചടക്കം, അക്കാദമിക് നിലവാരം എന്നിവ മെച്ചപ്പെടുത്താനും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സഹായകമാകുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് പറഞ്ഞു. വൃക്കദാനം ചെയ്യാന്‍ സന്നദ്ധയായ സ്റ്റുഡന്റ് പൊലീസ് എ.സി.പി.ഒ.യും കോട്ടയം പാറാമ്പുഴ ഹോളിഫാമിലി ഹൈസ്‌കൂള്‍ അധ്യാപികയുമായ മിനി എം. മാത്യുവിനെ ചടങ്ങില്‍ അഭിനന്ദിച്ചു. സംസ്ഥാനതല അത്‌ലറ്റിക് മീറ്റ് ഹൈജമ്പില്‍ രണ്ടാംസ്ഥാനം നേടിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മലപ്പുറം അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസിലെ ബാഫില്‍ എം. മുഹമ്മദിനേയും ചടങ്ങില്‍ അഭിനന്ദിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, എസ്.പി.സി. സംസ്ഥാന നോഡല്‍ ഓഫീസര്‍ പി. വിജയന്‍, കാര്‍മ്മല്‍ എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ഹെല്‍മ, മുതിര്‍ന്ന പൊലീസ് ഉദേ്യാഗസ്ഥര്‍, സ്റ്റഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post