ഡോ.എം.പി.ബാലകൃഷ്ണന്‍
അവധൂതന്മാരുടെയും ആചാര്യനായിരുന്നു വാസ്തവത്തില്‍ വിദ്യാധിരാജന്‍. ഒരു സംഭവം പറയാം.
സ്വാമികള്‍ക്ക് അനേകം ഗൃഹസ്ഥശിഷ്യന്മാരുണ്ടായിരുന്നതില്‍ ഒരാളാണു തലവടികൃഷ്ണപിള്ള. സ്വാമികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വിശ്രമിച്ചിരുന്ന കാലത്തു നടന്ന സംഭവമാണ്. സൂര്യനസ്തമിച്ചാല്‍ കുറേ നടക്കുക സ്വാമികളുടെ ശീലമായിരുന്നു. എങ്ങോട്ടെന്നില്ലാതെ കുറേദൂരം നടക്കും. തോന്നുമ്പോള്‍ മടങ്ങും. അന്നും സന്ധ്യയോടടുത്തു സ്വാമികള്‍ സായാഹ്ന സവാരിക്കിറങ്ങി. ഒപ്പം ശിഷ്യനായ കൃഷ്ണപിള്ളയും മറ്റൊരാളും. കുറേ നടന്നുകഴിഞ്ഞു. ഇരുള്‍ പരക്കുന്നു. അപ്പോള്‍ എതിരേ വന്ന ഒരാള്‍ സ്വാമിയുടെ അടുത്തെത്തി നിന്നു. ചട്ടമ്പിസ്വാമിയുടെ ദൃഷ്ടികള്‍ ഒരു നിമിഷം അയാളില്‍ പതിഞ്ഞു. അയാള്‍ സ്വാമിയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. കാഴ്ചയ്ക്ക് ഒരു ഭ്രാന്തന്‍. വൃത്തികെട്ട വേഷം. വികൃതമായ രൂപം. സ്വാമി അയാളെ പിടിച്ചെഴുന്നേല്പിച്ചു. തൊഴുകൈയോടെ നില്ക്കുകയാണയാള്‍. കണ്ണീര്‍ ഇറ്റിറ്റു വീഴുന്നു. രണ്ടുകൈകളും തലയില്‍വച്ചു സ്വാമികള്‍ അയാളെ അനുഗ്രഹിച്ചു. വൈദ്യുതപ്രവാഹത്താലെന്നപോലെ പൊടുന്നനെ ആ മുഖം തെളിഞ്ഞു. ഒന്നും ചോദിച്ചില്ല; ഒന്നും പറഞ്ഞുമില്ല. അര്‍ത്ഥപൂര്‍ണ്ണമായ ചില നിമിഷങ്ങള്‍ മാത്രം. വിനയാന്വിതനായി അയാള്‍ നടന്നകന്നു. സ്വാമിയും കൂട്ടരും അവരുടെ വഴിക്കും.
കൂടെയുള്ളവര്‍ക്കു സംഭവത്തിന്റെ രഹസ്യമറിയണം. പക്ഷേ എത്ര ചോദിച്ചിട്ടും അതു പറയാതെ സ്വാമിജി ഒഴിഞ്ഞുമാറി. കൃഷ്ണപിള്ള വിട്ടില്ല. ശിഷ്യനെന്ന സ്വാതന്ത്ര്യം ഉപയോഗിച്ചു വീണ്ടും നിര്‍ബന്ധിച്ചു. അപ്പോള്‍ സ്വാമിജി പറഞ്ഞു: ‘അദ്ദേഹം മഹാജ്ഞാനിയായ ഒരു സിദ്ധനാണ്. ജീവന്മുക്തനായി കഴിയുകയാണ്. ശരീരം വിട്ടുപോകാന്‍ ഇനി അധികം സമയമില്ല. നാളെ ഒരു മണിയോടെ സമാധിയാകും. ആ സന്തോഷമാണു കണ്ണീരായി ഒഴുകിയത്.’ എന്നിട്ടു കൃഷ്ണപിള്ളയോടു പതുക്കെപ്പറഞ്ഞു ‘ഇതെല്ലാം പരമരഹസ്യങ്ങളാണ്. ആരോടും പറയാനുള്ളതല്ല. നിര്‍ബന്ധം പിടിച്ചതുകൊണ്ടു പറഞ്ഞുവെന്നേയുള്ളൂ. ഇതു ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം മറ്റാരോടും പറയരുത്.’
അടുത്തദിവസം സ്വാമിജി പ്രവചിച്ച സമയത്തുതന്നെ അജ്ഞാതനായ ആ മഹാത്മാവ് സമാധിയടഞ്ഞു. സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്ന ശ്രീ തലവടി കൃഷ്ണപിള്ള ചട്ടമ്പിസ്വാമിയുടെ മഹാസമാധിക്കു ശേഷമേ ഇതേപ്പറ്റി പുറത്തു മിണ്ടിയുള്ളൂ.
ജാതിക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ പോരാടിയ ചട്ടമ്പിസ്വാമികളെയല്ല, മറ്റൊരു ചിത്രമാണ് നാമിവിടെ കാണുന്നത്.
അദ്ധ്യാത്മവിദ്യ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി സ്വാമികള്‍ രചിച്ച രണ്ടു ഉത്തമഗ്രന്ഥങ്ങളുണ്ട് – ‘അദ്വൈതചിന്താപദ്ധതിയും’ ‘നിജാനന്ദവിലാസവും’. ഭക്തന്മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയവയാണ് *. ‘ശങ്കരാചാര്യര്‍ക്കുപോലും ബഹുമുഖജ്ഞാന വിജ്ഞാനങ്ങള്‍ ഇത്രത്തോളം സാധിച്ചിരുന്നില്ല. ആരു സമീപിക്കുന്നുവോ അവന്റെ കഴിവനുസരിച്ചു സമാധാനിച്ചു പോരാം – ലോട്ട കൊണ്ടുവരുന്നവന് അത് നിറച്ച്; മൊന്ത കൊണ്ടുവരുന്നവന് അതു നിറച്ച്; കുട്ടകമാണെങ്കില്‍ അതും നിറച്ച് കൊണ്ടുപോകാം.’ എന്നിങ്ങനെ പണ്ഡിതനും കവിയുമായിരുന്ന ശ്രീപന്നിശ്ശേരി നാണുപിള്ള പറഞ്ഞതാണ് ഭട്ടാരകസ്വാമികളെ സംബന്ധിച്ച് പരമാര്‍ത്ഥം.
* ബ്രഹ്മവിദ്യ ആഗ്രഹിക്കുന്നവര്‍ അര്‍ഹനായ ഗുരുവിന്‍റെ സഹായത്തോടെ പഠിച്ചുറപ്പിക്കേണ്ട ഗ്രന്ഥങ്ങളാകയാല്‍ അവയെപറ്റി ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല.
Discussion about this post