തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ മുഖ്യ മീഡിയ സെന്റര്‍ തിരുവനന്തപുരം പ്രസ് ക്ളബില്‍ ആരംഭിക്കും. ദേശീയ അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ നിന്നുമുള്ളവരടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു സമയബന്ധിതമായി ഗെയിംസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്‌റ്റേറ്റ് മീഡിയ സെന്റര്‍ തിരുവനന്തപുരം പ്രസ് ക്ളബില്‍ സ്ഥാപിക്കുന്നതിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ ഗെയിംസ് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
നൂറിലധികം റിപ്പോര്‍ട്ടര്‍മാര്‍ക്കും നാല്‍പ്പതില്‍പ്പരം ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരേസമയം പ്രവര്‍ത്തിക്കാന്‍ പര്യാപ്തമായ ക്രമീകരണങ്ങളായിരിക്കും സ്‌റ്റേറ്റ് മീഡിയ സെന്റര്‍ ഒരുക്കുന്നത്. ഇന്റര്‍നെറ്റ്, എഡിറ്റ് സ്യൂട്ടുകള്‍ മുതലായ സാങ്കേതിക സൗകര്യങ്ങള്‍ക്കു പുറമേ ഏഴു ജില്ലകളിലെ വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ സദാസമയവും ലഭ്യമാക്കുന്ന ഗെയിംസ് മീഡിയ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കും.
വാര്‍ത്തകള്‍ തത്സമയം തിരുവനന്തപുരത്തെ സ്‌റ്റേറ്റ് മീഡിയ സെന്ററിലെത്തിക്കുന്ന തരത്തിലുള്ള സംവിധാനവുമുണ്ടാകുമെന്നതിനാല്‍ എല്ലാ ഗെയിംസ് വേദികളില്‍ നിന്നുമുള്ള വാര്‍ത്തകളും വിശേഷങ്ങളും തത്സമയം തലസ്ഥാനത്തു നിന്ന് വിവിധ മാധ്യമ സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ദൃശ്യ-മാധ്യമ പ്രവര്‍ത്തകരുടെയും പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ സംബന്ധിച്ച് മീഡിയ കോര്‍ഗ്രൂപ്പ് നടപടികള്‍ ആരംഭിച്ചു. മാധ്യമസ്ഥാപനങ്ങള്‍ വഴി മാത്രം ഓണ്‍ലൈന്‍ അക്രഡിറ്റേഷന്‍ നല്‍കുന്നതിനാണ് ധാരണ. ഒക്‌ടോബര്‍ മാസത്തോടെ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.
Discussion about this post