തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് തിരുവനന്തപുരത്ത് പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച രണ്ട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതികളുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ നീതി ലഭ്യമാക്കുന്നതിന് ഗ്രാമന്യായാലയങ്ങള്‍ തുടങ്ങാന്‍ മുപ്പത് കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രാമന്യായാലയങ്ങള്‍ വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് വേദിയിലുണ്ടായിരുന്ന കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. ബഞ്ച് സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ കോടതികള്‍ ഉദ്ഘാടനം ചെയ്തു. പ്ലീ ബാര്‍ഗയിനിംഗ് ഇന്റന്‍സിവ് ആപ്ലിക്കേഷന്‍ സംവിധാനത്തിനും ജസ്റ്റിസ് തുടക്കം കുറിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ ചുമതലയുള്ള ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി സുനില്‍ തോമസ്, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കുളത്തൂര്‍ എസ്.വി.പ്രേമകുമാരന്‍ നായര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് വിന്‍സെന്റ്ചാര്‍ളി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post