തിരുവനന്തപുരം: എല്ലാ ബ്‌ളോക്കുകളിലും നീന്തല്‍ക്കുളം, വോളിബോള്‍/ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, ഹെല്‍ത്ത് ക്‌ളബ് എന്നിവ ഉറപ്പാക്കാനുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. ഇവയ്‌ക്കായുള്ള സ്ഥലം കണ്ടെത്താനായി ഗ്രാമപഞ്ചായത്തു ഭാരവാഹികളുടെ യോഗം ബ്‌ളോക്കുതലങ്ങളില്‍ സെപ്‌തംബര്‍ 30-നകം നടക്കും. കളിക്കളങ്ങളും നീന്തല്‍ക്കുളങ്ങളും സ്‌ത്രീസൗഹൃദമായ വിധത്തില്‍ ക്രമീകരിക്കാന്‍ പ്രതേ്യകശ്രദ്ധ പതിപ്പിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും മുന്‍കൈ എടുത്തു നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനം ജില്ലാഭരണകൂടമാണ്.
കൂടാതെ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ചെസ് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുണ്ട്‌്. ജില്ലാ പഞ്ചായത്തും സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് മ്യൂസിയം കോമ്പൗണ്ടിലെ റേഡിയോ കിയോസ്‌കിലാണ് ഇത് നടപ്പാക്കാനാലോചിക്കുന്നത്. കിയോസ്‌കില്‍ വലിയ ചെസ് കളവും കരുക്കളും ക്രമീകരിച്ച് ഗ്രൂപ്പ് മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കും. കളക്‌ടറേറ്റില്‍ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകറിന്റെ അദ്ധ്യക്ഷതയില്‍ എ ടി ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്‍സജിതാറസല്‍, എംഎല്‍എമാരുടെയും എംപിമാരുടെയും പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന പദ്ധതിയുടെ ഏകോപനയോഗത്തിലാണ് ഈ തീരുമാനം. ജില്ലയില്‍ സ്‌പോര്‍ട്‌സിന്റെ അടിസ്ഥാനസൗകര്യവികസനം ലക്ഷ്യം വെയ്‌ക്കുന്ന ഈ പദ്ധതി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കാനാണ് ആലോചിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രഭാതസവാരിക്കും സ്‌പോര്‍ട്‌സിനുമായി സ്‌കൂളുകളിലെ കളിക്കളങ്ങള്‍ സ്‌കൂള്‍ സമയത്തിനു മുന്‍പും ശേഷവും തുറന്നു കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സ്‌കൂള്‍ ഗ്രൗണ്ട് ഉപയോഗിക്കുന്ന പൊതുജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും അവരില്‍ നിന്ന് പിടിഎ ചെറിയ തുക ഫീസായി ഈടാക്കുകയും ചെയ്യും. ഇത് സ്‌കൂളിലെ കളിക്കളങ്ങള്‍ സൂക്ഷിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാന്‍ ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഉതകുന്ന വിധത്തില്‍ സ്‌പോര്‍ട്‌സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ബ്‌ളോക്കുതലങ്ങളില്‍ യോഗംചേര്‍ന്ന് നീന്തല്‍ക്കുളം, വോളിബോള്‍ കോര്‍ട്ട്. ഹെല്‍ത്ത് ക്‌ളബ് എന്നിവയ്‌ക്കാവശ്യമായ നിലവിലുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ വിധത്തില്‍ ക്രമീകരിക്കും. അത്തരം സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ പുതിയ സ്ഥലം കണ്ടെത്തും. പദ്ധതി നടപ്പാക്കാനാവശ്യമായ പണം കണ്ടെത്താനുള്ള വഴികളും ബ്‌ളോക്കുതലങ്ങളിലെ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. ആദ്യഘട്ടത്തില്‍ ബ്‌ളോക്കുകളില്‍ നടപ്പാക്കുന്ന ഈ പദ്ധതി തുടര്‍ന്ന് എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന. ജില്ലയിലെ എംഎല്‍എമാരായ കെ മുരളീധരന്‍, സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവരുടെ പ്രതിനിധികള്‍, സ്‌പോര്‍ട്‌സ് ഡയറക്‌ടറേറ്റ് അഡീഷണല്‍ ഡയറക്‌ടര്‍ നജിമുദ്ദീന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഡി മോഹനന്‍, ബ്‌ളോക്കു പഞ്ചായത്തു പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ കളക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
Discussion about this post