തിരുവനന്തപുരം: പാരമ്പര്യേതര ഊര്‍ജ്ജം കൂടുതലായി ഉദ്പാദിപ്പിക്കാന്‍ സംസ്ഥാനത്തിന് കഴിയണമെന്ന് ഊര്‍ജ്ജ മന്ത്രി ആര്യാടന്‍ മുഹമ്മദ്. തിരുവനന്തപുരത്ത് അധ്യാപക ഭവനില്‍ അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗരോര്‍ജ്ജ റാന്തല്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് ഉണ്ടെങ്കിലും കേരളത്തില്‍ അത് ഇല്ലാത്തത് അമിതമായി വിലകൊടുത്തു വാങ്ങുന്നതിനാലാണ്. പാരമ്പര്യേതര ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്നതിനുള്ള നടപടികളില്ലായെങ്കില്‍ ലോഡ് ഷെഡ്ഡിംഗിന്റെ വക്കത്തു നില്‍ക്കുന്ന കേരളവും ഇരുട്ടിലാകുമെന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
നല്ല മഴ ലഭിച്ചിട്ടും സംസ്ഥാനത്തിന് ഊര്‍ജ്ജോത്പാദനത്തിന് കളിയുന്നില്ല എന്നതാണ് അവസ്ഥയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷം ഇതേ സമയത്ത് സംസ്ഥാനത്തെ റിസര്‍വോയറുകളില്‍ സ്‌റ്റോറേജ് 94 ശതമാനമായിരുന്നു. എന്നാല്‍ ഇന്ന് അത് 62 ശതമാനം മാത്രമാണ്. ഉദ്പാദനത്തിനുള്ള കഴിവ് കേരളത്തിനു കുറവാണെന്നതാണ് അവസ്ഥ.റിസര്‍വോയറില്‍ സ്‌റ്റോറേജ് 100 ശതമാനമാണെങ്കില്‍ പോലും കേരളത്തിന് മതിയാകില്ല എന്ന സ്ഥതിവിശേഷമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിനാവശ്യം 3700 മെഗാവാട്ട് വൈദ്യുതിയാണ്. എന്നാല്‍ 1600-നും 1700-നും മധ്യേയാണ് സംസ്ഥാനത്ത് വൈദ്യുതോദ്പാദനം നടക്കുന്നത്. 1700 മെഗാ വാട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്നുണ്ട്. ബാക്കി വേണ്ടവ വന്‍ വിലകൊടുത്തു പുറത്തു നിന്നു വാങ്ങുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വിന്‍ഡ് , സോളാര്‍ ഊര്‍ജ്ജം ഉപയോഗം വര്‍ധിപ്പിക്കുകയെന്നതാണ് സംസ്ഥാനത്തിന് പിടിച്ചു നില്‍ക്കാനുള്ള ബദല്‍ മാര്‍ഗമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭൂമി കുറവും സ്ഥല വില കൂടുതലും എന്നതാണ് അവസ്ഥ. ഇതിനാല്‍ സ്ഥലം ലഭ്യമാകുന്നില്ല. അതിനാല്‍ ഉദ്പാദന ചിലവും ഏറെയാണ്. ഒരു കിലോവാട്ട് വരെ ഉദ്പാദിപ്പിക്കാന്‍ നമുക്ക് റൂഫ് ടോപ്പ് ഉപയോഗിക്കാനാകും. അതുവഴി നാലു യൂണിറ്റ് വൈദ്യുതി നമുക്ക് ലഭിക്കും. 92,000 -ല്‍ പരം രൂപ നമുക്ക് സബ്‌സിഡി നല്‍കാനാകും.
എംഎന്‍ആര്‍ഇ(മിനിസ്ട്രി ഓഫ് ന്യൂ ആന്റ് റിന്യുവബിള്‍ എനര്‍ജി) 30 ശതമാനവും നല്‍കും.100 കിലോ വാട്ട് വരെ റൂഫ് ടോപ്പ് ഉദ്പാദനത്തിന് സബ്‌സിഡി നല്‍കുന്നതിനുള്ള പദ്ധതി തയാറാക്കി സംസ്ഥാനം എംഎന്‍ആര്‍ഇയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് സാംഗ്ക്ഷന്‍ ലഭിക്കേണ്ടതുണ്ട്. ഉടന്‍ തന്നെ ഇതു സംബന്ധിച്ചുള്ള നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കി. പാരമ്പര്യേതര ഊര്‍ജ്ജം കൂടുതലായി ഉദ്പാദിപ്പിക്കാനാകണം. വീട്ടാവശ്യത്തിനുള്ള വൈദ്യുതിയെങ്കിലും ഉദ്പാദിപ്പിക്കാനായാല്‍ ഇരുട്ടിലേക്കുള്ള പാതയില്‍ നിന്നും സംസ്ഥാനത്തിന് കരകയറാനാകും.ഇത്തരത്തില്‍ ഉദ്പാദിപ്പിക്കുന്നവയില്‍ കൂടുതലായുണ്ടെങ്കില്‍ അതു ഗ്രിഡിലേക്ക് കണക്റ്റ് ചെയ്യുന്നതിനുള്ള സ്‌കീമും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംഎന്‍ആര്‍ഇ ഡയറക്ടര്‍ ജി.ആര്‍.സിംഗ് മുഖ്യാതിഥിയായിരുന്നു.അനെര്‍ട്ട് ടെക്‌നിക്കല്‍ ഡയറക്ടര്‍ പി.വത്സരാജ് അധ്യക്ഷത വഹിച്ചു.
Discussion about this post