തിരുവനന്തപുരം: കേരളത്തെ പ്രതിനിധാനം ചെയ്ത് 35-ാം ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപ വീതം ക്യാഷ് അവാര്‍ഡായി നല്‍കുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ടീം ഇനങ്ങളിലെ വിജയികള്‍ക്ക് സ്‌പെഷ്യല്‍ ക്യാഷ് അവാര്‍ഡ് സ്‌കീം പ്രകാരം തുക നല്‍കുമെന്നും അദ്ദേഹം പി.ആര്‍.ചേമ്പറില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 35-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുക്കുന്നതിനുള്ള കര്‍മ്മ പദ്ധതിക്ക് സ്‌പോര്‍ട്‌സ് വകുപ്പും കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലും രൂപം നല്‍കി. 1987 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ സംസ്ഥാനം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു. ഇത്തവണയും ആ നേട്ടം ആവര്‍ത്തിക്കണം എന്നതാണ് കര്‍മ്മപദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടീമുകളുടെ പരിശീലന ക്യാമ്പുകളുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനുമായി സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ചെയര്‍മാനായി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ ഇനങ്ങളിലും കേരളത്തിന്റെ പ്രാതിനിധ്യം ഈ കമ്മിറ്റി ഉറപ്പുവരുത്തും. ദേശീയ ഗെയിംസില്‍ പങ്കെടുക്കേണ്ട ഓരോ കേരള ടീമിന്റേയും പരിശീലനം നിരീക്ഷിക്കുന്നതിനായി പ്രമുഖ സ്‌പോര്‍ട്‌സ് താരങ്ങളും കായികഭരണരംഗത്തെ പ്രമുഖരും കോര്‍ഡിനേറ്റര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.
ബന്ധപ്പെട്ട അസോസിയേഷനുകളുടെ സെക്രട്ടറി, പുരുഷ/വനിതാ പരിശീലകര്‍, പരിശീലനം നടക്കുന്ന ജില്ലയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നിവര്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കും. സംസ്ഥാന ടീമുകളെ തെരഞ്ഞെടുക്കുന്നതിന് ബന്ധപ്പെട്ട അസോസിയേഷന്‍ പ്രസിഡന്റ്/സെക്രട്ടറി, രണ്ട് പ്രഗത്ഭ കായിക താരങ്ങള്‍, കൗണ്‍സില്‍ ഒബ്‌സര്‍വര്‍ എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റികളെ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post