തിരുവനന്തപുരം: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് കെ.മനോജിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം പുറത്തിറക്കി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് എസ്പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് എഡിജിപി എസ്.അനന്തകൃഷ്ണനാണ്. കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. സിപിഎം ആശ്രിതനായ ഡിവൈഎസ്പി പ്രേമരാജന്‍ അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആരോപിച്ചിരുന്നു.
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിലെ പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എഡിജിപി എസ്.അനന്തകൃഷ്ണന്റെ നേതൃത്വത്തിലാവും അന്വേഷണം നടക്കുക. അദ്ദേഹം ബുധനാഴ്ച തന്നെ കണ്ണൂരിലെത്തുമെന്നും ജില്ലയില്‍ കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കണ്ണൂരില്‍ സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂരിനെ രാഷ്ട്രീയ കുതിരക്കളമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഹര്‍ത്താലില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിശദാംശങ്ങള്‍ തിരക്കി. മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചിരുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. സംഭവ ദിവസം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ‘നമ്മള്‍ കാത്തിരുന്ന ദിവസമെത്തി’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും അന്വേഷിക്കും. ഇക്കാര്യത്തെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടക്കുന്നുണ്‌ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post