തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സിബിഐയ്ക്ക് വിടണമെന്ന ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. യുഎപിഎ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്നാണ് ചട്ടം. ഈ സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതികള്‍ക്ക് വിദേശങ്ങളില്‍ നിന്നു പോലും സഹായം ലഭിച്ചുവെന്നാണ് കരുതുന്നത്. കേസ് സിബിഐ ഏറ്റെടുക്കുന്നതുവരെ നിലവിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. കൊലപാതകം നിഷ്ഠൂരവും കണ്ണൂരിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതുമാണ്. എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുഎപിഎ ആക്ട് മുന്‍പ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പ്രയോഗിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തൊടുപുഴയില്‍ അധ്യപകന്റെ കൈവെട്ടിയ കേസില്‍ അടക്കം യുഎപിഎ ആക്ട് പ്രയോഗിച്ചിരുന്നു. കൊലപാതക രാഷ്ട്രീയം അവസാനിക്കേണ്ട കാലമായിരിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഇതിന് അനുവദിക്കില്ല. ബിജെപി നേതാക്കളുടെ ആവശ്യം കൊണ്ടല്ല കേസ് സിബിഐയ്ക്ക് വിടുന്നതെന്നും പോലീസിന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രതി സ്ഥാനത്ത് നിര്‍ത്താനില്ല. അതൊക്കെ അന്വേഷണ സംഘം കണ്‌ടെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post