കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാനാണു കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നു ശ്രമിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചു. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണമാണു നടക്കേണ്ടത്. എന്നാല്‍, സിപിഎം വിരുദ്ധ രാഷ്ട്രീയ ഗൂഢാലോചനയിലൂടെ അന്വേഷണം രാഷ്ട്രീയവത്കരിക്കാനാണു ശ്രമം. ഇതു പ്രതിഷേധാര്‍ഹമാണെന്നും ജയരാജന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
മനോജ് കൊലചെയ്യപ്പെട്ടതു സന്തോഷകരമായ വാര്‍ത്തയാണെന്നു ഫേസ്ബുക്കില്‍ പരാമര്‍ശിച്ച തന്റെ മകന്‍ ജയിന്‍രാജിന്റെ നടപടി ഉചിതമായില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ മകനെ വിളിച്ചു പറഞ്ഞിരുന്നു. ഞാന്‍ പറയുംമുമ്പേതന്നെ മകന്‍ ഫേസ്ബുക്കില്‍നിന്നു പരാമര്‍ശം ഒഴിവാക്കിയിരുന്നു. ഇതിന്റെ പേരില്‍ ജയിന്‍രാജിനെതിരേ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.
കതിരൂര്‍ കേസിലെ എഫ്‌ഐആറില്‍തന്നെ ദേശവിരുദ്ധ നിയമത്തിലെ വകുപ്പ് ചേര്‍ത്തതില്‍ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശമനുസരിച്ചാണു യുഎപിഎ 13 (എ) വകുപ്പുകൂടി ഉള്‍പ്പെടുത്തിയത്.
ബിജെപി നേതാക്കള്‍ ഇവര്‍ രണ്ടു പേരെയും കണ്ട ഉടന്‍ സിബിഐ അന്വേഷണത്തിനു തയാറാണെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഇതില്‍ ഗൂഢാലോചന വ്യക്തമാണ്. യുഎപിഎ നിയമത്തിലെ വകുപ്പുചേര്‍ക്കണമെങ്കില്‍ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും തകര്‍ക്കുന്ന രാജ്യദ്രോഹ കുറ്റമാവണമെന്നും ജയരാജന്‍ പറഞ്ഞു.
Discussion about this post