തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ സെപ്‌റ്റംബര്‍ 11 ന് നടക്കുന്ന സാസ്‌കാരിക ഘോഷയാത്ര വൈകുന്നേരം അഞ്ചിന് വെള്ളയമ്പലത്ത് ഗവര്‍ണര്‍ പി. സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് വിനോദ സഞ്ചാരവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ ഘോഷയാത്രകളുടെ പട്ടികയിലേക്ക് ഇടം നേടുന്നതരത്തില്‍ ഓരോ വര്‍ഷവും ഓണം സാംസ്‌കാരിക ഘോഷയാത്ര ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 12 സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തോടുകൂടി രാജ്യശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തിലാണ് ഇത്തവണത്തെ ഘോഷയാത്ര ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളയമ്പലം കെല്‍ട്രോണ്‍ ജംഗ്‌ഷനില്‍ മാനവീയം റോഡിനു സമീപം പ്രത്യേകം തയാറാക്കിയ പവലിയനില്‍ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ഓണം വാരാഘോഷത്തിന്റെ ചരിത്രത്തിലെ ഏറ്റവും വര്‍ണാഭവും വിപുലവുമായ ഘോഷയാത്രയാണ് ഇത്തവണ അരങ്ങേറാന്‍ പോകുന്നതെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ അറിയിച്ചു. 3000 ത്തോളം കലാകാരന്‍മാരും 100ല്‍ പരം ഫ്‌ളോട്ടുകളും 150 ഓളം കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. 101 പേരുടെ ചെണ്ടമേളത്തിനൊപ്പം 150 ലേറെ സ്‌ത്രീപുരുഷന്‍മാര്‍ കേരളീയ വേഷത്തില്‍ മുത്തുക്കുടയും ഓലക്കുടയും ചൂടി നീങ്ങും. 40 പേര്‍ അണിനിരക്കുന്ന കൊമ്പും തായമ്പകയും അകമ്പടി സേവിക്കും. ആചാരയുദ്ധം പയറ്റി 50 ലധികം വേലകളിക്കാര്‍ അണിനിരക്കും. നെയ്യാണ്ടിമേളത്തിനൊപ്പം രാജാറാണി കുതിരകള്‍ നൃത്തം വയ്‌ക്കും. മയൂരനൃത്തവും പരുന്താട്ടവും നിരത്തില്‍ നിറയും. 70 ല്‍പരം കലാകാരന്‍മാരാണ് നീലക്കാവടി, പൂക്കാവടി, ചിണ്ടക്കാവടി തുടങ്ങിയ വര്‍ണപ്പൂക്കള്‍ ചുഴറ്റുന്ന കാവടിയുമായി നൃത്തം ചവിട്ടാന്‍ എത്തുന്നത്. വള്ളുവനാടന്‍ കലാരൂപങ്ങളായ പൂതന്‍-തിറയും അനന്തപുരിയെ ആഘോഷച്ചാര്‍ത്തണിയിക്കാനെത്തും. നഗരവീഥികള്‍ക്ക് ശബ്‌ദഗാംഭീര്യമേകികൊണ്ട് ചെണ്ടമേളം, ശിങ്കാരിമേളം, പഞ്ചാരിമേളം, നെയ്യാണ്ടിമേളം, തകില്‍, നാദസ്വരം, മദ്ദളം, ഉടുക്ക്, കുമ്മാട്ടിക്കൊട്ട്, പഞ്ചവാദ്യം, വീക്കുചെണ്ട, കൊമ്പ്, കൊമ്പ്‌പാട്ട്, കുഴല്‍ എന്നിങ്ങനെ 1500 റിലേറെപേര്‍ അണിനിരക്കുന്ന താളമേളങ്ങളുമുണ്ടാകും.
ടൂറിസം മന്ത്രി എ. പി. അനില്‍കുമാര്‍, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ, ശശി തരൂര്‍ എം.പി, മേയര്‍ അഡ്വ.കെ. ചന്ദ്രിക, ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിക്കും. ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍ കെ.ആര്‍. ജ്യോതിലാല്‍ ഐ.എ.എസ്, ടൂറിസം സെക്രട്ടറി സുമന്‍ ബില്ല ഐ.എ.എസ്, ഡയറക്‌ടര്‍ ഷെയ്‌ക്ക് പരീത് ഐ.എ.എസ്, അഡീഷണല്‍ ഡയറക്‌ടര്‍ ടി.വി. അനുപമ ഐ.എ.എസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post