തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഗായകന്‍ കെ.ജെ.യേശുദാസിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. യേശുദാസ് കേരളത്തിന്റെ അഭിമാനമാണെന്നും ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല മതനിരപേക്ഷതയ്ക്ക് വേണ്ടിയും മറ്റ് സാമൂഹിക സാംസ്‌കാരിക മാനവിക വിഷയങ്ങളില്‍ സജീവമായി നടത്തുന്ന ഇടപെടലുകളിലൂടെയും പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയാണ് യേശുദാസെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ നല്‍കുന്ന സംഭാവനകള്‍ വിലയിരുത്തി ഈ പുരസ്‌കാരം നിര്‍ണ്ണയിക്കുമ്പോള്‍ അതേറ്റുവാങ്ങാന്‍ ഇന്നത്തെ സാഹചര്യത്തില്‍ യേശുദാസ് തന്നെയാണ് ഏറ്റവും അഭികാമ്യനെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിനെ മറുപടി പ്രസംഗത്തില്‍ യേശുദാസ് പ്രകീര്‍ത്തിച്ചു. ബധിരരും മൂകരുമായ പാവപ്പെട്ട കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റിലൂടെ സംസാരശേഷി നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ശ്രൂതിതരംഗം പദ്ധതിയേയും യേശുദാസ് അഭിനന്ദിച്ചു. ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വച്ചാണ് യേശുദാസിന് സമ്മാനിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, പാലോട് രവി എം.എല്‍.എ, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, പ്രഭ യേശുദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post