കണ്ണൂരിലെ കതിരൂരില്‍ ആര്‍.എസ്.എസ് ജില്ലാശാരീരിക് പ്രമുഖ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ മുതല്‍ സി.പി.എം അതിനെതിരെ രംഗത്തെത്തി. അതിനുപിന്നാലെ യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്ലീംലീഗിന്റെ യുവജനവിഭാഗമായ യൂത്ത്‌ലീഗും എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്തായാലും ഇന്നലെ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി എന്നത് ഈ കേസിന്റെ ഗൗരവം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നു.
കേരളത്തില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മരായ സി.പി.എം തങ്ങള്‍ നിയമവ്യവസ്ഥയ്ക്ക് അതീതരാണെന്ന നിലയിലാണ് എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്; പ്രത്യേകിച്ച് പാര്‍ട്ടിയിലെ കണ്ണൂര്‍വിഭാഗം. തലശ്ശേരിയിലെ മനുഷ്യക്കുരുതി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചതാണ്. പിന്നീട് അവിടെ സമാധാനം പുനസ്ഥാപിക്കാന്‍ വളരെ നാളുകള്‍ എടുത്തു. എങ്കിലും സി.പി.എം എന്നും പ്രകോപനത്തിന്റെ മാര്‍ഗ്ഗമാണ് കൈക്കൊള്ളുന്നത്. ആത്മസംയമനത്തിന്റെ വഴികളിലൂടെ സംഘപരിവാര്‍ പ്രസ്ഥാനം നീങ്ങുന്നതുകൊണ്ടാണ് അവിടത്തെ മണ്ണ് വീണ്ടും കൂടുതല്‍ രക്തപങ്കിലമാകാത്തത്.
കേന്ദ്രത്തില്‍ ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തില്‍വന്നതോടെ കേരളത്തിലെ സി.പി.എമ്മിന്റെ അടിത്തറയ്ക്കുതന്നെ ഇളക്കംതുടങ്ങി. ബി.ജെ.പി.യിലേക്ക് ഏറ്റവും കൂടുതല്‍ ഒഴുക്കുണ്ടായിരിക്കുന്നത് സി.പി.എമ്മില്‍ നിന്നാണ്. കണ്ണൂരിലെ സി.പി.എമ്മിന്റെ ചുവപ്പുകോട്ടയില്‍തന്നെ വിള്ളല്‍ തീര്‍ത്തുകൊണ്ട് നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ എത്തി. ഇത് അവര്‍ക്ക് സഹിക്കാവുന്നതിനുമപ്പുറത്താണ്.
ഇന്ന് കേരളത്തിലെ സി.പി.എമ്മെന്നുപറഞ്ഞാല്‍ കണ്ണൂര്‍ലോബിയാണ്. കുറേക്കൂടി തെളിച്ചുപറഞ്ഞാല്‍ പിണറായി വിജയനും മൂന്നുജയരാജന്മാരും ചേരുന്നതാണ് കേരളത്തിലെ സി.പി.എമ്മിന്റെ നേതൃത്വം. ഇവരാണ് ഇന്ന് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത്. കൊന്നും കൊല്ലിച്ചും സി.പി.എമ്മിന്റെ അമരത്തെത്തിയ ഈ നേതാക്കള്‍ക്ക് ജനാധിപത്യത്തിന്റെ ഭാഷയറിയില്ല. എപ്പോഴും ധാര്‍ഷ്ട്യത്തിന്റേയും അഹങ്കാരത്തിന്റെയും താന്‍പൊരിമയുടെയും ശരീരഭാഷയും വാക്കുകളുമാണ് അവര്‍ക്കുള്ളത്. തങ്ങളുടെ കാല്‍കീഴിലാണ് കേരളമെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ കൊലയാളികളെ കേസില്‍നിന്ന് രക്ഷപ്പെടുത്തി വീരന്മാരാക്കി സമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കും. കെ.റ്റി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളികള്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ലെന്നായിരുന്നു കീഴ്‌കോടതിയും ഹൈക്കോടതിയും വിധിച്ചത്. എന്നാല്‍ തൂക്കിക്കൊലയ്ക്കു വിധിക്കപ്പെട്ട അവരെ സുപ്രീംകോടതി വെറുതെവിടുകയായിരുന്നു. പിന്നീട് ആ കൊലയാളികള്‍ക്ക് സ്വീകരണവേദിയായി മാറിയത് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട വിദ്യാലയത്തിന്റെ അങ്കണം തന്നെയാണെന്നത് മനസാക്ഷിയുളളവരെയെല്ലാം നോവിച്ചു. സി.പി.എമ്മിന്റെ സാഡിസ്റ്റ് മനോഭാവത്തിന്റെ പച്ചയായ തെളിവായിരുന്നു അത്.
റ്റി.പി.ചന്ദ്രശേഖരന്‍വധക്കേസില്‍ അന്വേഷണം സി.പി.എം ജില്ലാനേതൃത്വത്തില്‍ എത്തിയതോടെ അവസാനിക്കുകയായിരുന്നു. മുകളിലോട്ടു അന്വേഷണത്തിന്റെ ദിശ നീളുന്നതായി ബോദ്ധ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി ഒരു തീപ്പന്തമായി മാറുമെന്ന മുന്നറിയിപ്പുമായി സാക്ഷാല്‍ പിണറായിവിജയന്‍ തന്നെ രംഗത്തെത്തി. അതോടെ ആദര്‍ശവാനെന്ന കേള്‍വികേട്ട തിരുഞ്ചൂര്‍ രാധാകൃഷ്ണന്റെ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇതുവരെ അതുണ്ടായില്ല. എന്നാല്‍ മനോജ് വധക്കേസ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംങ് മുഖ്യമന്ത്രിയെ വിളിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസല്ല ബി.ജെ.പി എന്ന തിരിച്ചറിവ് സി.പി.എം നേതൃത്വത്തെ ചെറുതായല്ല ഭയപ്പെടുത്തുന്നത്. സി.ബി.ഐ കേസ് ഏറ്റെടുത്താല്‍ ഏതറ്റംവരെയും പോകുമെന്നറിയാവുന്ന സി.പി.എം നേതൃത്വം അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
മാറാട്‌കേസില്‍ അന്തര്‍സംസ്ഥാന – രാജ്യാന്തര ബന്ധം സംശയിക്കുന്നതായും ഇതിനു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കേസിനെകുറിച്ച് അന്വേഷിച്ച കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ലീഗിന്റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് അക്കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായില്ല. ഈ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ബി.ജെ.പിയുടെയും മറ്റു സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. മനോജ് വധത്തില്‍ രാഷ്ട്രീയ മേലാളന്മാര്‍ കുടുങ്ങിയാല്‍ അതിനുപിന്നാലെ മാറാട് കേസിന്റെ അന്വേഷണവും സി.ബി.ഐ ഏറ്റെടുക്കുമെന്നും അത് തങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തെ കുടുക്കുമെന്നും ഭയപ്പെടുന്നതുകൊണ്ടാകാം യൂത്ത് ലീഗും മനോജ് വധത്തിലെ സി.ബി.ഐ അന്വേഷണത്തോടു മുഖംതിരിച്ചത്.
സി.പി.എമ്മും യൂത്ത് ലീഗുമൊക്കെ പറയുന്നത് ബി.ജെ.പി സര്‍ക്കാര്‍ അന്വേഷണം രാഷ്ട്രീയമായി ഇടപെടുമെന്നാണ്. കേസ് അന്വേഷണത്തിനുശേഷം കോടതിയിലെത്തി വിചാരണയ്ക്കുശേഷമാണ് വിധിയുണ്ടാവുക. കള്ളത്തെളിവുകള്‍ ഉണ്ടാക്കിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനാകും. മാത്രമല്ല നിരപരാധികളെ കുടിക്കയതിന് സി.ബി.ഐയും വെട്ടിലാകും. പിന്നെ എന്തിനാണ് മനോജ് വധത്തിലെ സി.ബി.ഐ അന്വേഷണത്തെ സി.പി.എമ്മും യൂത്ത്‌ലീഗുമൊക്കെ ഭയപ്പെടുന്നത്. കണ്ണൂരും കേരളവുമല്ല ഭാരതമെന്നും സി.പി.എമ്മും ലീഗുമല്ല ദേശസ്‌നേഹത്തിലധിഷ്ടിതമായ ബി.ജെ.പിയെന്നും ഇനിയെങ്കിലും ചിന്തിക്കാനുള്ള വിവേകം ഇരുപാര്‍ട്ടികളും കൈവരിക്കുന്നതാണ് അവര്‍ക്കും നാടിനും നല്ലത്. ഉപ്പുതിന്നവരാരായാലും വെള്ളം കുടിക്കും എന്നതാണ് പ്രകൃതി നിയമം.
Discussion about this post