തലശേരി: ആര്‍എസ്എസ് ജില്ലാ നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതി വിക്രമനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് ആറുപ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
കൊലപാതകം സംബന്ധിച്ച യഥാര്‍ഥ ചിത്രവും വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പ്രതികള്‍ക്കുവേണ്ടി വ്യാപകമായ റെയ്ഡ് നടന്നുവരികയാണ്. അടുത്തദിവസങ്ങളില്‍ തന്നെ പ്രതികള്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനിടെ, സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കുകൂടി ചോദ്യംചെയ്യലിനു വിധേയരാകുന്നതിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ എട്ടോളം പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇവരില്‍ മിക്കവരെയും ചോദ്യം ചെയ്തുകഴിഞ്ഞു. ഇവര്‍ക്കു പുറമെയാണ് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിക്രമന്‍ നല്‍കുന്ന മൊഴികളില്‍ പറയുന്നവരെ വിക്രമന് അഭിമുഖമായിരുത്തിയാണ് ചോദ്യംചെയ്യുന്നത്. ആദ്യം നല്‍കിയ മൊഴികള്‍ മാറ്റിപ്പറയാന്‍ ഇതുമൂലം വിക്രമന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. ആരോ പഠിപ്പിച്ചതുപോലെയായിരുന്നു വിക്രമന്റെ ആദ്യമൊഴികളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ യഥാര്‍ഥ പ്രതികളെ തന്നെ കോടതിയില്‍ ഹാജരാക്കി അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
ഞായറാഴ്ച രാത്രി 11 വരെ വിക്രമനെ ചോദ്യംചെയ്തിരുന്നു. തെളിവുനശിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. എന്നാല്‍ എന്ത് തെളിവുകളാണ് നശിപ്പിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല.
അടുത്ത നാളില്‍ നമോവിചാര്‍ മഞ്ചില്‍ നിന്ന് സിപിഎമ്മില്‍ ചേര്‍ന്ന പ്രമുഖരടക്കം ചിലരെയും ചോദ്യംചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. വിക്രമനെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിക്രമന്റെ ഭാര്യയും അഭിഭാഷകനായ കെ. വിശ്വനും നാളെ കോടതിയില്‍ ഹര്‍ജിനല്‍കും.
തിരിച്ചറിഞ്ഞ പ്രതികള്‍ക്കുവേണ്ടി ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണു റെയ്ഡ് നടത്തിവരുന്നത്. വിക്രമന്‍ മൊഴിയില്‍ പറഞ്ഞവരുടെ വീടുകളില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. കതിരൂര്‍, പാനൂര്‍ മേഖലകളിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്.
Discussion about this post