തിരുവനന്തപുരം: വിദേശമദ്യം -ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് വില്ക്കുന്ന വിദേശമദ്യത്തിന്റെ നികുതി നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കും. പ്രതിവര്‍ഷം 1130 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. നിലവില്‍ 115 ശതമാനം എന്നത് 135 ആയി വര്‍ധിക്കും.
കൂടാതെ 5 ശതമാനം സെസ്. ബിയര്‍, വൈന്‍ – ബിയറിനും വൈനിനും നികുതി നിരക്ക് 50 ശതമാനത്തില്‍ നിന്ന് 70 ശതമാനമാക്കി ഉയര്‍ത്തും.100 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. സിഗററ്റ് – സിഗററ്റിനും പുകയില ഉത്പന്നങ്ങള്‍ക്കും കേരളത്തില്‍ 22 ശതമാനമാണു നികുതി നിരക്ക്. അത് 30 ശതമാനമാക്കും. ഇതില്‍ നിന്നു 3 ശതമാനം കാന്‍സര്‍ കെയറിനു വിനിയോഗിക്കും. മറ്റു പല സംസ്ഥാനങ്ങളിലും നികുതി നിരക്ക് 50 ശതമാനമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ 22 ശതമാനവും. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് – പാര്‍ട്ടീഷന്‍, ഗിഫ്റ്റ്, റിലീസ്, സെറ്റില്‍മെന്റ് എന്നിവയുടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 1000രൂപ സീലിംഗ് മാറ്റി. പാര്‍ട്ടീഷന്‍, റിലീസ് എന്നിവയ്ക്ക് ഒരു ശതമാനവും ഗിഫ്റ്റ്, സെറ്റില്‍മെന്റ് എന്നിവയ്ക്ക് രണ്ടു ശതമാനവുമായി സ്റ്റാമ്പ് ഡ്യൂട്ടി നിജപ്പെടുത്തി. രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ഉണ്ടായിരുന്ന 25,000 രൂപ സീലിംഗ് മാറ്റി ഒരു ശതമാനം ആയി നിജപ്പെടുത്തി.
പ്ലാന്റേഷന്‍ നികുതി – തെങ്ങ്, കവുങ്ങ്, റബര്‍, കാപ്പി, തേയില, ഏലം, കുരുമുളക് തോട്ടങ്ങളുടെ നികുതിയില്‍ വര്‍ധന. 2 ഹെക്ടറില്‍ താഴെ തോട്ടങ്ങള്‍ക്ക് നികുതിയില്ല. തുടര്‍ന്നുള്ള സ്ലാബുകളിലും ആദ്യത്തെ രണ്ടു ഹെക്ടറിനു നികുതിയില്ല. 2-4 സ്ലാബില്‍ മൂന്നും നാലും ഹെക്ടറിന് 100 രൂപ വീതം. 4-8 സ്ലാബില്‍ മൂന്നു മുതല്‍ 8 വരെ ഹെക്ടറിന് 300 രൂപ വീതം. 8-15 സ്ലാബില്‍ മൂന്നു മുതല്‍ 15 വരെ ഹെക്ടറിന് 400 രൂപ വീതം. 15-25 സ്ലാബില്‍ മൂന്നു മുതല്‍ 25 വരെ ഹെക്ടറിന് 500 രൂപ വീതം. 25 ഹെക്ടറിനു മുകളില്‍ മൂന്നു മുതല്‍ ഹെക്ടറിന് 700 രൂപ വീതം. മൂന്നു കോടി രൂപയാണ് ഇതില്‍ നിന്നു പ്രതീക്ഷിക്കുന്ന പ്രതിവര്‍ഷ വരുമാനം. ഭൂനികുതി – പഞ്ചായത്തില്‍ 20 സെന്റ് വരെ സെന്റിന് ഒരു രൂപ വീതം. 20 സെന്റിനു മുകളില്‍ സെന്റിന് രണ്ടു രൂപ വീതം. മുനിസിപ്പാലിറ്റിയില്‍ ആറു സെന്റു വരെ രണ്ടു രൂപ വീതം. ആറു സെന്റിനു മുകളില്‍ നാലു രൂപ വീതം. കോര്‍പറേഷനില്‍ നാലു സെന്റുവരെ നാലു രൂപ വീതം.
നാലു സെന്റിനു മുകളില്‍ 8 രൂപ വീതം. 78 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. വെള്ളക്കരം – ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നിലവില്‍ സൗജന്യമായും മറ്റുള്ളവര്‍ക്ക് 20 രൂപയ്ക്കുമാണ് പതിനായിരം ലിറ്റര്‍ വരെ വെള്ളം കൊടുക്കുന്നത്. അത് തുടരും. പതിനായിരം ലിറ്ററിനു മുകളില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആയിരം ലിറ്ററിന് നാലുരൂപ വച്ചാണ് ഈടാക്കുന്നത്. ഇതില്‍ 50 മുതല്‍ 60 ശതമാനം വരെ വര്‍ദ്ധനവ് വരുത്തും. 205 കോടിരൂപയുടെ അധികവരുമാനമാണ് ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
Discussion about this post