ഡോ.പൂജപ്പുരകൃഷ്ണന്‍ നായര്‍
ജീവിതത്തിന്റെ ചഞ്ചലത (സത്യാനന്ദസുധാ വ്യാഖ്യാനം)
ഈ നശ്വരതയില്‍നിന്നു മോചനമില്ലെന്നാണോ? തീര്‍ച്ചയായും മോചനമുണ്ട്. പക്ഷേ അതു നശ്വരമായ ഭോഗങ്ങളിലൂടെ കിട്ടുന്ന ഒന്നല്ല. നശിക്കുന്ന വസ്തുക്കള്‍ക്കു അനശ്വരമായ ആനന്ദം നല്‍കാനാവില്ല. ‘തമേവ വിദിത്വാ അതിമൃത്യുമേതി’ എന്നു ശ്വേതാശ്വതരമഹര്‍ഷി നശ്വരതയില്‍നിന്നു മോചിക്കാനുള്ള മാര്‍ഗ്ഗം ഉപദേശിക്കുന്നു. അനശ്വരമായ ആത്മാവിനെ അറിയലാണു അതിനുള്ള ഏകമാര്‍ഗ്ഗം. ജന്മവും ജരാനരകളും മരണവും തീണ്ടാത്ത ആത്മാവാണു ഞാനെന്ന് അനുഭവിച്ചറിയുന്നതോടെ നശ്വരതയുടെ വേതാളപ്പിടിയില്‍നിന്നു മുക്തനായിത്തീരുന്നു.
‘പുത്രമിത്രാര്‍ത്ഥ കളത്രാദി സംഗമ-
മെത്രയുമല്‍പകാലസ്ഥിതമോര്‍ക്കനീ.
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗംവരുംപോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയു-
മെത്രയും ചഞ്ചലമാലയസംഗമം.
ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യര്‍ക്കു
നില്‍ക്കുമോ യൗവനവും പുനരധ്രുവം.’
പുത്രന്‍, സുഹൃത്ത്, ഭാര്യ മുതലായവരോടൊപ്പമുള്ള ജീവിതം ആ ചന്ദ്രതാരം നിലനില്‍ക്കുന്ന ഒന്നല്ല. ദീര്‍ഘദൂരം നടന്നുതളര്‍ന്നവഴിയാത്രക്കാര്‍ വഴിയമ്പലത്തില്‍ ഒത്തുകൂടിയശേഷം ക്ഷീണംതീരുമ്പോള്‍ യാത്രപറഞ്ഞു അവരവരുടെ ലക്ഷ്യസ്ഥാനത്തേക്കുനടന്നുപോകുന്നതുപോലെയും നദിയിലൂടെ ഒഴുകുന്നതടികള്‍പോലെയും അത്യന്തംചഞ്ചലമാണ് വീട്ടിനുള്ളിലെ താമസസൗഖ്യം. ഐശ്വര്യവും അസ്ഥിരമാണ്. യൗവനവും അങ്ങനെ തന്നെ.
ഭാര്യയിലും പുത്രന്മാരിലും സന്തോഷിച്ച് അതിനുമപ്പുറം വേറൊന്നില്ലെന്നു കരുതി, ഗാര്‍ഹികസുഖങ്ങളില്‍ മുഴുകാനാഗ്രഹിക്കുന്നവരാണു മനുഷ്യരില്‍ അധികവും. ഭാര്യാപുത്രാദികളോടുള്ള കടപ്പാടിലല്ല മറിച്ച് അവരുടെ സാന്നിദ്ധ്യസഹകരണാദികള്‍കൊണ്ടു ലഭിക്കുന്ന സുഖത്തിലാണ് അവരുടെ നോട്ടം. സുഖത്തിലുള്ള അമിതാര്‍ത്തിമൂലം കടപ്പാടുകള്‍ വിസ്മരിക്കപ്പെടുന്നു. പ്രിയതമ തനിക്കുപ്രാണനെക്കാള്‍ വലുതാണെന്നു അവകാശപ്പെടുന്നത് പൊള്ളവാക്കാണ്. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവു ഭാര്യയെയും സ്‌നേഹിക്കുന്നതു തന്റെ സുഖത്തിനുവേണ്ടി മാത്രമാണ്. തന്റെ ഇഷ്ടത്തിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ തല്ലാനും കൊല്ലാനും വഴക്കിടാനും വിവാഹമോചനത്തിനും പുറപ്പെടുന്നത് അതുകൊണ്ടാണ്. സുഖങ്ങള്‍ ക്ഷണികമാണെന്നോര്‍ക്കാന്‍ ആ അവസരത്തില്‍പോലും അവര്‍ക്കു കഴിയുന്നില്ല.
‘ചഞ്ചലാക്ഷിമാര്‍ വീടുകളില്‍പ്പുക്കു
കുഞ്ചിരാമന്‍ കളിക്കുന്നതു ചിലര്‍
അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും
ഉണ്ണാന്‍ പോലും കൊടുക്കുന്നില്ലാ ചിലര്‍’
എന്നു പൂന്താനം അപഹസിക്കുന്നത് മനുഷ്യന്റെ ഈ സ്വാര്‍ത്ഥതയെ കുറിച്ചാണ്. പോരാത്തതിന് ഓരോരുത്തരായി ഈ ഭൂമിയിലേക്കു വന്നതുപോലെ ഓരോരുത്തരായി മടങ്ങിപ്പോകേണ്ടിയുംവരും. യാത്രാമദ്ധ്യേ പെരുവഴിയമ്പലത്തില്‍ ആകസ്മികമായി ഒരുമിച്ചുകൂടുന്ന പാന്ഥന്മാരെ പ്പോലെയാണ് വീട്ടില്‍ ഒത്തുകൂടുന്നവരും. പല ദിക്കുകളില്‍ നിന്നുവന്ന വഴിയാത്രക്കാര്‍ പരിചയപ്പെടുന്നു. ചങ്ങാതികളാകുന്നു. പക്ഷേ ആ സൗഹൃദത്തിന്റെപേരില്‍ യാത്രയുടെ ലക്ഷ്യമുപേക്ഷിച്ച് വഴിയമ്പലത്തില്‍ താമസമാക്കാന്‍ ആരും തീരുമാനിക്കാറില്ല. ഇതുപോലെയാണ് ഓരോ വീട്ടിലും മനുഷ്യര്‍ ജനിക്കുന്നതും മനുഷ്യര്‍ മരിക്കുന്നതും.
‘കൃഷ്ണ! കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്ണകൊണ്ടേ ഭ്രമിക്കുന്നതിതൊക്കെയും.
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും
ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ ശിവ’.
നദിയിലൂടെ ഒഴുക്കിവിടുന്നതടികള്‍ ഓളത്തിന്റെ രീതിയനുസരിച്ച് ചിലയിടങ്ങളില്‍ ഒരുമിക്കുകയും വീണ്ടും പിരിയുകയും ചെയ്യുന്നതുപോലെയാണ് കാലമാകുന്ന നദീപ്രവാഹത്തില്‍പ്പെട്ടു പല ജീവന്മാര്‍ ഒരു വീട്ടില്‍ ഒരുമിക്കുന്നതും കാലമെത്തുമ്പോള്‍ പിരിഞ്ഞുപോകുന്നതും.
ഈ ജന്മം ഒരു ആകസ്മികസംഭവമല്ലേ. അനാദികാലത്ത് ഓരോ ജീവനും ആരംഭിച്ച സത്യാന്വേഷണയാത്രയുടെ തുടര്‍ച്ചയാണിത്. പുല്ലും പുഴുവും വൃക്ഷങ്ങളും, മൃഗങ്ങളും പക്ഷികളുമൊക്കെയായി എത്ര ജന്മങ്ങള്‍ ഇതിനകം കഴിഞ്ഞെന്നു കണക്കാക്കുക വിഷമമാണ്. മനുഷ്യജന്മംപോലും പലതു കഴിഞ്ഞിരിക്കുന്നു. എത്രയോ ജന്മങ്ങള്‍ ഇനിയും മുന്നില്‍ അവശേഷിക്കുന്നു. ജന്മാന്തരങ്ങളിലൂടെയുള്ള സുദീര്‍ഘമായ യാത്രയിലെ ഒരു ഘട്ടം മാത്രമാണ് ഈ ജന്മമെന്നറിയുമ്പോള്‍ ഭൗതികകാമനകളുടെ വ്യര്‍ത്ഥത ബോധ്യമാകും.
അനശ്വരമായ സത്യവസ്തുവിനെ തേടാനുള്ള അവസരമാണ് യൗവനകാലം. പക്ഷേ മനസ്സ് വിഷയസുഖങ്ങളുടെ പിന്നാലെ പാറി നടക്കുന്നതുകൊണ്ട് സത്യവസ്തുവില്‍ ഹൃദയം ഉറയ്ക്കുന്നില്ല. അങ്ങനെയൊന്നുണ്ടോ എന്നു സംശയിക്കാനും ഇല്ലെന്നു പലപ്പോഴും നിഷേധിക്കാനും യൗവനോന്മാദം മനുഷ്യനെ പ്രേരിപ്പിക്കുന്നു. ചോരയും നീരും വറ്റി, പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ട്, വീല്‍ചെയറിലിരിക്കുമ്പോഴാണ് ഈശ്വരനുണ്ടെന്ന് തോന്നിത്തുടങ്ങുക. പക്ഷേ എന്തു പ്രയോജനം? അതിനായി അദ്ധ്വാനിക്കാനുള്ള കരുത്തെല്ലാം ചോര്‍ന്നു പോയിരിക്കുന്നു.
‘ബാലസ്താവദ് ക്രീഡാ സക്തഃ
തരുണസ്താവദ് തരുണീ രക്തഃ
വൃദ്ധസ്താവദ് ചിന്താമഗ്നഃ
പരേബ്രഹ്മണി കോfപിന ലഗ്ന’
ഈ വിപത്തില്‍ നിന്നു മനുഷ്യനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് വേദാന്തഗ്രന്ഥങ്ങളും ക്ഷേത്രങ്ങളും ആശ്രമങ്ങളും ഋഷിമാര്‍ നിര്‍മ്മിച്ചത്. അവയെ പ്രയോജനപ്പെടുത്തി ആത്മാവിനെയും അനാത്മാവിനെയും വേര്‍തിരിച്ചറിഞ്ഞ് തന്റെ കര്‍മ്മശേഷിയെ ആത്മാന്വേഷണത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നയിക്കുന്നവനാണ് ബുദ്ധിമാന്‍.
സ്വപ്തസമാനം കളത്രസുഖം നൃണാം
അല്പമാമായുസ്സും നിരൂപിക്ക ലക്ഷ്മണ!
രാഗാദിസംകുലമായുള്ള സംസാര-
മാകെ നിരൂപിക്കില്‍ സ്വപ്നതുല്യം സഖേ!
ഓര്‍ക്ക ഗന്ധര്‍വ്വനഗരസമമതില്‍
മൂര്‍ഖന്മാര്‍ നിത്യമനുക്രമിച്ചീടുന്നു.
Discussion about this post