തിരുവനന്തപുരം: മെച്ചപ്പെട്ട നിലവാരമുറപ്പാകുമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ കേന്ദ്രത്തിന് നല്‍കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് കവടിയാറില്‍ സായ് ഗോള്‍ഫ് ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകണം. ലോകോത്തര നിലവാരം ഉറപ്പാക്കാനാകുകയും വേണം. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഇത്തരം സ്ഥാപനങ്ങള്‍ വേണ്ടത്ര പരിപാലനമില്ലാതെ പോകുന്നതിലും നല്ലത് മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുകയാണെങ്കില്‍ സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കുകയാണ് വേണ്ടത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, സെസ് എന്നിവ മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കാന്‍ കേന്ദ്രത്തിന് കഴിയുമെന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്തത്. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കേന്ദ്രത്തിനെകൊണ്ട് ഏടെറ്റുപ്പിക്കാനുളള ശ്രമങ്ങള്‍ നടത്തിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലുളള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാധ്യതകള്‍ വലുതാണ്. നമ്മുടെ അധികാരപരിധിയിലിരുന്ന് മുരടിക്കുന്നതിലും നല്ലത് ലോകോത്തര സാഹചര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രത്തിന് നല്‍കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രത്തോട് നയപരമായ യോജിപ്പാണ് സംസ്ഥാന സര്‍ക്കാരിന് ഉളളത്. അതിനാലാണ് സായി ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മടി കൂടാതെ വിട്ടുകൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുന്ന സമയത്ത് അവിടെത്തെ തൊഴിലാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ സായി അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോള്‍ഫ് ക്ലബ് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ സായിക്ക് കഴിയണം. സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ദേശീയ ഗയിംസില്‍ കേരളത്തിലെ കായികതാരങ്ങളുടെ മെച്ചപ്പെട്ട പ്രകടനം ഉറപ്പാക്കാനും ഗെയിംസ് മെച്ചപ്പെട്ട നിലയില്‍ നടത്താനും കേരളം പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ വഴി മാത്രമേ കായിക രംഗത്ത് രാജ്യത്തിന് മുന്നേറാനാകുകയുളളുവെന്ന് സായി ഗോള്‍ഫ് അക്കാദമി ഉദ്ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര കായിക സഹമന്ത്രി സര്‍ബാനന്ദ സോണോവാള്‍ പറഞ്ഞു. ലോകത്തെ സമത്വപൂര്‍ണ്ണമാക്കുന്നതില്‍ കായിക മേഖലയ്ക്കുളള പങ്ക് വലുതാണ് . ഉച്ഛ നീചത്വങ്ങളെയും വിവേചനങ്ങളെയും അകറ്റി നിര്‍ത്തുവാനും രാജ്യസ്‌നേഹം ഉണര്‍ത്തുവാനും കായികമേഖലയ്ക്ക് കഴിയും. ഗോള്‍ഫ് ക്ലബ് ലോകോത്തരമാക്കാനുളള സാധ്യമായ എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി എന്ന ആവശ്യം ദേശീയ ഗെയിംസിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും. മുഖ്യമന്ത്രിയും സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രിയും ഉന്നയിച്ച ഈ ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഗോള്‍ഫ് ക്ലബ് സായിക്ക് പാട്ടത്തിന് നല്‍കുന്ന കരാര്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ് കൈമാറി നിര്‍വ്വഹിച്ചു. മന്ത്രിമാരായ ഷിബുബേബിജോണ്‍, അടൂര്‍ പ്രകാശ്, സായി കേരള റീജിയണ്‍ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍, എയര്‍മാര്‍ഷല്‍ എ.പി.ഗരുഡ്, വിംഗ് കമാണ്ടര്‍ എ.കെ.സിംഗ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, പി.എം.എബ്രഹാം തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗത്ഭരും ചടങ്ങില്‍ പ്രസംഗിച്ചു.
Discussion about this post