തിരുവനന്തപുരം: ഗാന്ധിജയന്തി വാരമായ ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ രാജ്യമെമ്പാടും അരങ്ങേറുന്ന ദാനോത്സവം കേരളത്തിലും ഈ വര്‍ഷം ആഘോഷിക്കും. ദാനം ചെയ്തും മറ്റുള്ളവരെ അതിനെ പ്രേരിപ്പിച്ചും സന്തോഷം പങ്കിടുന്ന ഈ പരിപാടി ആദ്യമായാണ് കേരളത്തില്‍ നടത്തുന്നത്.
ഏഴു സ്ഥലങ്ങളിലെ ദാനോത്സവ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഏഴു സ്ഥലങ്ങളിലാണ് ദാനോത്സവം നടക്കുന്നത്. മുഖ്യമന്ത്രി ഇവിടങ്ങളില്‍ ഒരു മണിക്കൂറോളം ചെലവഴിക്കും. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിനു രാവിലെ ഏഴേകാലിന് മുഖ്യമന്ത്രി തിരുവനന്തപുരം തമ്പാനൂര്‍ രാജാജി നഗര്‍ സന്ദര്‍ശിക്കും. മൂന്നാം തീയതി അഴീക്കോട് ഗവ. വൃദ്ധസദനം, നാലിന് പിറവം അഗതിമന്ദിരം, അഞ്ചിന് പുതുപ്പള്ളി, ആറിന് എറണാകുളം കുസുമഗിരി നവജ്യോതി ഓട്ടിസം സ്‌കൂള്‍, ഏഴിന് തിരുവനന്തപുരം നിഷ് സ്‌കൂള്‍, എട്ടിന് തിരുവല്ല മര്‍ത്തോമ്മ വൃദ്ധസദനം, ഒന്‍പതിന് മലപ്പുറം തവന്നൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോംപ്ലക്‌സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. 2009 മുതലാണ് രാജ്യത്ത് ദാനോത്സവം ആഘോഷിച്ചു തുടങ്ങിയത്. ദാനം നടത്തി ആത്മനിര്‍വൃതി അടയുകയും സന്തോഷം പകരുകയും ചെയ്യുക എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ആളുകള്‍ അവരുടെ സമ്പത്തും സമയവും സാധനങ്ങളും സ്‌നേഹവുമൊക്കെയാണ് അന്നേ ദിവസം പങ്കുവയ്ക്കുന്നത്.
Discussion about this post