‘കേരളമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം’ എന്നാണ് കവി പാടിയത്. എന്നാല്‍ സാക്ഷരതയിലും സാമൂഹ്യബോധത്തിലും സാംസ്‌കാരിക തലത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു എന്നഭിമാനിക്കുന്ന കേരളം ഇന്ന് തലതാഴ്ത്തി നില്‍ക്കേണ്ട അവസ്ഥയാണ്. തലസ്ഥാനത്തെ ഒരു സ്‌കൂളില്‍ അഞ്ചുവയസ്സുകാരനെ നാലുമണിക്കൂറോളം പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവം മനഃസാക്ഷിയുള്ള ആര്‍ക്കും ഞെട്ടലോടുകൂടിമാത്രമേ ഓര്‍ക്കാന്‍ കഴിയൂ. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒരു അദ്ധ്യാപിക കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചത്. ക്ലാസില്‍ കൂട്ടുകാരനോട് സംസാരിച്ചു എന്നതിനായിരുന്നു ഈ കൊടുംശിക്ഷ.
കേട്ടുകേള്‍വിയില്ലാത്ത ഈ സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം കുടപ്പനക്കുന്ന് പാതിരപ്പളളിയിലെ ജവഹര്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളിലാണ് അത്യന്തം ഹീനമായ ഈ സംഭവം അരങ്ങേറിയത്. ഇതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ ശശികലയെ ഇന്നലെ പോലീസ് അറസ്റ്റുചെയ്തു. അദ്ധ്യാപികയായ ദീപികയാണ് അഭിഷേക് എന്നബാലനെ പട്ടിക്കൂട്ടില്‍ അടച്ചത്. ഇതേ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരി അനുഷ വ്യാഴാഴ്ചരാവിലെ രണ്ടാമത്തെ പിരീഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അനിയനെ പട്ടിക്കൂട്ടില്‍ അടച്ചകാര്യമറിഞ്ഞത്. പ്രിന്‍സിപ്പളിനോട് ചോദിച്ചപ്പോള്‍ ആ കുട്ടിയെ ഭീഷണിപ്പെടുത്തി. വിവരം വീട്ടില്‍ ചെന്നുപറഞ്ഞാല്‍ വായില്‍ കമ്പുകുത്തികയറ്റുമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ ഭീഷണി. സ്‌കൂള്‍ വിടുന്നതിനുമുമ്പാണ് കുട്ടിയെ മോചിപ്പിച്ചത്. ഇന്നലെ ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്താവുകയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തത്.
അംഗീകാരമില്ലാതെയാണ് വര്‍ഷങ്ങളായി ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണ്ടെത്തിയത്. സ്‌കൂളിന്റെ അവസ്ഥയാണെങ്കില്‍ കാലിത്തൊഴിത്തിനെക്കാള്‍ കഷ്ടമെന്നാണ് പുറത്തുവന്നവിവരം. 120തോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള ശരിയായ സൗകര്യമില്ല. ഒരു സ്‌കൂള്‍ നടത്തുന്നതിനുള്ള സ്ഥലസൗകര്യമോ മറ്റു സജ്ജീകരണങ്ങളോ ഇല്ലാതെ ഇത് ഇവിടെ പ്രവര്‍ത്തിച്ചുവെന്നത് അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ കൂടുതല്‍ കുട്ടികളും അത്തരം കുടുംബങ്ങളില്‍നിന്നുള്ളവരാണ്. ഇതിനുമുമ്പും സ്‌കൂളില്‍ കുട്ടികളോട് പ്രാകൃത ശിക്ഷാരീതികളാണ് നടപ്പാക്കി വന്നിരുന്നത്. എന്നാല്‍ പരാതികള്‍ ഉയരാത്തിനാലാകാം ഇതൊന്നും പുറത്തുവന്നിരുന്നില്ല.
യാതൊരു മാനദണ്ഡവുമില്ലാതെ യഥേഷ്ടം സ്‌കൂളുകള്‍ തുടങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ പരിണിതഫലമാണ് കേരളത്തിനു തന്നെ ലജ്ജാകരമായിത്തീരുന്ന ഈ സംഭവം. ഇതിനുമുമ്പ് ഇതുപോലൊരു സംഭവം കേരളത്തില്‍ നടന്നിട്ടില്ല. തലസ്ഥാന ജില്ലയില്‍ ഭരണസിരാകേന്ദ്രത്തിന് ഏതാനും കിലോമീറ്ററുകള്‍ക്കുള്ളിലുള്ള സ്‌കൂളിലാണ് പ്രാകൃത ശിക്ഷാ നടപടി അരങ്ങേറിയത് എന്നത് അത്യന്തം ഗൗരവം അര്‍ഹിക്കുന്നു.
ഈ സംഭവത്തോടെ വിദ്യാഭ്യാസമന്ത്രിയും വകുപ്പും ബാലാവകാശ കമ്മിഷനുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കൂണുകള്‍പോലെ ഓരോ വര്‍ഷവും മുളച്ചുപൊന്തുന്ന ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ശനമായ നിബന്ധന ഏര്‍പ്പെടുത്താന്‍ വൈകിക്കൂടാ എന്നതാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. ഇതിനുത്തരവാദികളായ പ്രിന്‍സിപ്പളിനും അദ്ധ്യാപികയ്ക്കും എതരെ കര്‍ശനമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം. അതിലൂടെമാത്രമേ സ്‌കൂളുകളിലെ ഇത്തരം ഹീനമായ ശിക്ഷാനടപടികള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ കഴിയൂ.
Discussion about this post