തിരുവനന്തപുരം: വന്യജീവി വാരാഘോഷം ഒക്ടോബര്‍ ഒന്ന് മുതല്‍ ഏഴ് വരെ വിവിധ പരിപാടികളോടെ നടക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്തുളള വനശ്രീ ആഡിറ്റോറിയത്തില്‍ വനം -പരിസ്ഥിതി ഗതാഗത, കായിക, സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.
ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക മുഖ്യാതിഥിയും ഡോ.ശശി തരൂര്‍ എം.പി. മുഖ്യപ്രഭാഷകനുമായിരിക്കും. ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍, സാമൂഹ്യവനവത്കരണ വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എസ്.കോറി, വഴുതക്കാട് വാര്‍ഡ് കൗണ്‍സിലര്‍ കെ.സുരേഷ്‌കുമാര്‍, അഗസ്ത്യവനം ബയോളജിക്കല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.ആര്‍.വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. വന്യജീവി വാരാഘോഷത്തിന്റേ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വനം വകുപ്പും ഇന്‍ഡസ് സൈക്ലിംഗ് എംബസിയും സംയുക്തമായി നടത്തുന്ന സൈക്കിള്‍ റാലി പാളയം ആശാന്‍ സ്‌ക്വയറില്‍ രാവിലെ 10.30 ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ വനം വകുപ്പാസ്ഥാനത്ത് നടക്കുന്ന വന്യജീവി ഫോട്ടോ പ്രദര്‍ശനം കെ.മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post