തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ആശുപത്രിവളപ്പുകള്‍ ഔഷധ സസ്യങ്ങളുംമറ്റും നട്ടുവളര്‍ത്തി പരിസ്ഥിതി സൗഹൃദമാക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഹരിത-ശുചിത്വ പദ്ധതി (ഗ്രീന്‍ ഹോസ്പിറ്റല്‍ ക്ലീന്‍ ഹോസ്പിറ്റല്‍) ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യവികസനത്തിനും അണുബാധാ നിയന്ത്രണത്തിനും വലിയ മാറ്റമുണ്ടാക്കാന്‍ പദ്ധതി മുഖേന സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. കുട്ടികളുടെ വളര്‍ച്ചാ വൈകല്യങ്ങള്‍ നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനുള്ള ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററും ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ച്ചേരുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി, മേയര്‍ കെ. ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും പങ്കെടുക്കും.
Discussion about this post