തിരുവനന്തപുരം: 108 തരം അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാന്‍ എന്‍പിപിഎ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആവശ്യപ്പെട്ടു.
കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം മുതലായവയ്ക്കുള്ള മരുന്നുകളുടെ ഉപയോഗം കൂടിയ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ അതു ദോഷകരമായി ബാധിക്കുമെന്നും സൗജന്യമരുന്നുവിതരണം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ബൃഹത്തായ ജനക്ഷേമപദ്ധതികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രിക്കു നല്‍കിയ കത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുന്നതു കേന്ദ്രസര്‍ക്കാരിന്റെ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി (എന്‍പിപിഎ) യാണ്. 76 ഇനം മരുന്നുകള്‍ക്കു മാത്രമാണു നേരത്തേ വിലനിയന്ത്രണം ഉണ്ടായിരുന്നത്. കൂടുതലായി മരുന്നുകള്‍ക്കു വിലനിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും എല്ലാ അവശ്യമരുന്നുകളെയും വിലനിയന്ത്രണപ്പട്ടികയില്‍ കൊണ്ടുവരണമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത,് വിലനിയന്ത്രണപ്പട്ടികയിലുള്ള 76 ഇനം മരുന്നുകളുടെ എണ്ണം 348 ആയി വര്‍ധിപ്പിച്ചത്. പിന്നീടു കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം മുതലായ 108 മരുന്നുകള്‍ക്കുകൂടി വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ എന്‍പിപിഎ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലറാണ് ഇപ്പോള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി അറിയുന്നത്. ഈ തീരുമാനം കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം മുതാലയ രോഗങ്ങള്‍ക്കു ള്ള മരുന്നുകളുടെ വില ഗണ്യമായി വര്‍ധിക്കാനിടയാക്കും.
പേറ്റന്റ് മരുന്നുകള്‍ക്കു വിദേശകമ്പനികള്‍ നിശ്ചയിക്കുന്ന വില നല്‍കേണ്ട അവസ്ഥയിലേക്ക് ഈ തീരുമാനം എത്തിക്കുമെന്നു മാത്രമല്ല ചികിത്സച്ചെലവ് പതിന്മടങ്ങ് വര്‍ധിക്കാന്‍ ഇടവരുത്തുകയുംചെയ്യും. ഇക്കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post